സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. വില്യം നോര്‍ധോസും പോള്‍ റോമറുമാണ് പുരസ്കാരം നേടിയത്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനക്കാണ് പുരസ്കാരം. ദീര്‍ഘ കാല സുസ്ഥിര വികസനവും ലോക ജനസംഖ്യാ ക്ഷേമത്തിനുള്ള തിയറിയുമാണ് റോമറിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. എന്‍ഡോഗ്നസ് ഗ്രോത്ത് തിയറി എന്നാണ് ഇത് വിശേഷിക്കപ്പെടുന്നത്.
2018 ജനുവരി വരെ ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന റോമര്‍ ഇപ്പോള്‍ ന്യൂയോര്‍ക്ക് സര്‍വകലാശായില്‍ പ്രൊഫസറാണ് അദ്ദേഹം. യേല്‍ സര്‍വകലാശാലയില്‍ നിന്നുള്ള നോര്‍ധോസിനെ പുരസ്കാരത്തിനര്‍ഹനാക്കിയത് കാലാവസ്ഥയും സാമ്പത്തിക രംഗവും തമ്മിലുള്ള പരസ്പര ബന്ധത്തെപ്പറ്റിയുള്ള പഠനത്തിനാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സാമ്പത്തിക രംഗത്ത് ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയാണ് അദ്ദേഹത്തിന്‍റെ പഠനം .കഴിഞ്ഞ നാല്‍പത് വര്‍ഷമായി നോര്‍ധോസ് ഈ വിഷയത്തില്‍ പഠനം നടത്തുന്നുണ്ട്.
പുരസ്കാരം അപ്രതീക്ഷിതമായിരുന്നെന്ന് നോര്‍ധോസ് പറഞ്ഞു. ഈ വര്‍ഷത്തെ അവസാന നൊബേല്‍ പ്രഖ്യാപനമായിരുന്നു സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍.