തെരഞ്ഞെടുപ്പിലെ പരാജയം; മാലിദ്വീപ് പ്രസിഡന്റ് കോടതിയിലേക്ക്

പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കിട്ടിയതിനാലാണ് കോടതിയെ സമീപിച്ചതെന്ന് അബ്ദുല്ല യമീന്റെ അഭിഭാഷകന്‍ പറഞ്ഞു.

Update: 2018-10-11 03:01 GMT
Advertising

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ സുപ്രീംകോടതിയില്‍. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി അട്ടിമറി വിജയം നേടിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കിട്ടിയതിനാലാണ് കോടതിയെ സമീപിച്ചതെന്ന് അബ്ദുല്ല യമീന്റെ അഭിഭാഷകന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഇബ്രാഹിം മുഹമ്മദ് സ്വാലിഹാണ് അട്ടിമറി ജയം നേടിയത്. അബ്ദുല്ല യമീനേക്കാള്‍ 16 ശതമാനം വോട്ടുകളാണ് മുഹമ്മദ് സ്വാലിഹിന് ലഭിച്ചത്. തെരഞ്ഞെടുപ്പിലെ വിയോജിപ്പുകള്‍ കാണിച്ച് കോടതിയെ സമീപിക്കാന്‍ ഫലം വന്ന ശേഷമുള്ള രണ്ട് ആഴ്ച കാലാവധിയാണ് ഭരണഘടനയിലുള്ളത്. യമീന്റെ കാലാവധി നവംബര്‍ 17ന് അവസാനിക്കും. അതുവരെ പ്രസിഡന്റായി തുടരും.

അതേസമയം പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ചൊവ്വാഴ്ച അബ്ദുള്ള യമീന്റെ പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇത് നിഷേധിച്ചു.

Tags:    

Similar News