അമേരിക്കയില്‍ കനത്ത നാശം വിതച്ച് മൈക്കിള്‍ കൊടുങ്കാറ്റ്
കാറ്റിന് പിന്നാലെയെത്തിയ പേമാരിയില്‍ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ഫ്ലോറിഡ ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്.
അമേരിക്കയിലെ ഫ്ലോറിഡയില്‍ കനത്ത നാശം വിതച്ച് മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ്. കൊടുങ്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു. കാറ്റിന് പിന്നാലെയെത്തിയ പേമാരിയില്‍ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ഫ്ലോറിഡ ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്.
250 കിലോമീറ്റര്‍ വേഗത്തിലാണ് കൊടുങ്കാറ്റ് ഫ്ലോറിഡയിലെ പാന്‍ഹാന്‍ഡിലിലെത്തിയത്. കൊടുങ്കാറ്റിന് പിന്നാലെ എത്തിയ കനത്ത മഴയില്‍ തീരമേഖലയിലെ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ കഴപുഴകി വീണതോടെ പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. മരം ദേഹത്ത് വീണാണ് രണ്ട് പേര്‍ മരിച്ചത്. ഫ്‌ളോറിഡ, അലബാമ, ജോര്‍ജിയ സംസ്ഥാനങ്ങളിലെ മിക്കയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചക്കാണ് മൈക്കിള്‍ ഫ്ലോറിഡയില്‍ വീശിയത്. കാറ്റഗറി രണ്ടില്‍ രേഖപ്പെടുത്തിയ കാറ്റ് പിന്നീട് കാറ്റഗറി നാലിലേക്ക് മാറുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മേഖലകളിലേക്ക് എത്തിയാല്‍ മാത്രമേ നാശനഷ്ടക്കണക്ക് വ്യക്തമാകൂ. തീരമേഖലയില്‍ മൈക്കിള്‍ കനത്ത നാശം വിതക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തുള്ളവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ മരണസംഖ്യയും ആളപായവും കുറക്കാന്‍ സാധിച്ചു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ചവര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.