വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ട്രംപ്; മാരക തള്ളിന് പിന്നിലെ യാഥാര്‍ത്ഥ്യം
ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് നാശം വിതച്ച അമേരിക്കയില്‍ കൊടുങ്കാറ്റിനേക്കാള്‍ വേഗത്തില്‍ പ്രചരിച്ച ഒരു ചിത്രമുണ്ട്. വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതെന്ന് അവകാശപ്പെടുന്ന ഒരു ചിത്രം. എന്നാല്‍, ആ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം മനസ്സിലായാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച്‌പോകും. ഒറ്റനോട്ടത്തില്‍ തന്നെ വ്യാജനെന്ന് മനസ്സിലാകുന്ന ആ ചിത്രത്തിന് ലഭിച്ച പ്രചാരം കണ്ടാല്‍ തന്നെ മനസ്സിലാകും വ്യാജചിത്രങ്ങള്‍ വിശ്വസിക്കുന്ന മണ്ടന്മാര്‍ ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് അമേരിക്കയിലുമുണ്ടെന്ന്.
"ഈ ചിത്രം നിങ്ങള്‍ക്ക് വാര്‍ത്തകളില്‍ കാണാന്‍ കഴിയില്ല. ഇത് വൈറലാക്കൂ" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്യപ്പെട്ടത്. രക്ഷാബോട്ടിലിരുന്ന്‌കൊണ്ട് വെള്ളപ്പൊക്കത്തില്‍ പെട്ടയാള്‍ക്ക് നരെ "അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ" എന്നെഴുതിയ തൊപ്പി നീട്ടുന്ന ഡൊണാള്‍ഡ് ട്രംപാണ് ചിത്രത്തില്‍. കോട്ടും സൂട്ടുമൊക്കെ ധരിച്ചാണ് ട്രംപ് രക്ഷാബോട്ടില്‍ ഇരിക്കുന്നത് എന്നതാണ് മറ്റൊരു രസം. വ്യാജമെന്ന് വ്യക്തമായിട്ടും 275,000 തവണയാണ് ചിത്രം ഷെയറ് ചെയ്യപ്പെട്ടതെന്ന് പറയുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടര്‍ കെവിന്‍ റൂസ്.
റൂസ് തന്നെയാണ് ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കിയത്. 2015 ല്‍, ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനും മുമ്പ്, മറ്റൊരു സാഹചര്യത്തില്‍ എടുത്ത ചിത്രം ഡിജിറ്റലായി മാറ്റിയതാണിതെന്ന് കെവിന്‍ റൂസ് തെളിവ് സഹിതം വ്യക്തമാക്കി. യഥാര്‍ത്ഥ ചിത്രത്തില്‍ ഓസ്റ്റിന്‍ ഫയര്‍ ഡിപ്പാര്‍ട്‌മെന്റിലെ മൂന്നുപേരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഇത് ആദ്യമായല്ല ട്രംപിന്റെ വ്യാജ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിനിടയില്‍ ട്രംപ് പൂച്ചക്കുട്ടികളെ രക്ഷിക്കുന്ന ചിത്രവും വൈറലായിരുന്നു. ഓള്‍ എബൗട്ട് ട്രംപ് എന്ന ഫേസ്‌ബുക്ക് പേജാണ് ചിത്രം പോസ്‌റ്റ് ചെയ്‌തത്. വ്യാജമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകൂന്ന ആ ചിത്രത്തിനും കിട്ടിയിരുന്നു 20,000 ലൈക്കുകളും 17,000 ലേറെ ഷെയറുകളും. എന്തായാലും വ്യാജസന്ദേശങ്ങള്‍ തടയാനുള്ള ഫേസ്‌ബുക്കിന്റെ ശ്രമങ്ങള്‍ ഇപ്പോഴും വിജയകരമായിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍.