വെസ്റ്റ് ബാങ്കില്‍ ഇസ്രായേലികള്‍ നടത്തിയ കല്ലേറില്‍ ഫലസ്തീന്‍ യുവതി കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്കില്‍ ഇസ്രായേലികള്‍ നടത്തിയ കല്ലേറില്‍ ഫലസ്തീന്‍ യുവതി കൊല്ലപ്പെട്ടു. ഇസ്രായേല്യരുടെ കുടിയേറ്റ കോളനികളില്‍ നിന്നാണ് കല്ലേറുണ്ടായത്. അയിഷ അല്‍ റവാബി എന്ന 47 വയസുകാരിയാണ് വെള്ളിയാഴ്ച്ചയുണ്ടായ കല്ലേറില്‍ കൊല്ലപ്പെട്ടത്.
വെസ്റ്റ്ബാങ്കിലെ നബ്‌ലൂസിലെ ഇസ്രായേലി കൂടിയേറ്റ മേഖലയിലൂടെ അയിഷയും ഭര്‍ത്താവും കാറില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. തലക്ക് ഗുരുതരമായി പരുക്കേറ്റ അയിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹിബ്രു ഭാഷ സംസാരിച്ച ആളുകളാണ് കല്ലെറിഞ്ഞതെന്ന് അയിഷയുടെ ഭര്‍ത്താവ് അയ്ക്കൂബ് അല്‍റവാബി പറഞ്ഞു. ഫലസ്തീന്‍ രജിസ്ട്രേഷനിലുള്ള വാഹനമായതിനാലാണ് കല്ലേറുണ്ടായതെന്ന് ഫലസ്തീന്‍ അധികൃതരും മാധ്യമങ്ങളും കുറ്റപ്പെടുത്തി.
ഇസ്രായേലി കൂടിയേറ്റക്കാരുടെ ക്രൂരകൃത്യം ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് ഫലസ്തീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തില്‍ ഇസ്രായേല്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും ഫലസ്തീന്‍ അന്താരാഷ്ട്ര സംരക്ഷണം ഒരുക്കണമെന്നും ഫലസ്തീന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാണ്.