സൌദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു

തുര്‍ക്കിയിലെ സൌദി കോണ്‍സുല്‍ ജനറലുടെ വീട്ടില്‍ പരിശോധന നടത്തി; അന്വേഷണം നടത്തുന്നത് സൌദിയുടെയും തുര്‍ക്കിയുടെയും സംയുക്ത സംഘം. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സൌദി ഭരണകൂടവുമായി ചര്‍ച്ച നടത്തി.

Update: 2018-10-17 03:10 GMT
Advertising

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ സൌദി കോണ്‍സുല്‍ ജനറലുടെ വീട്ടില്‍ പരിശോധന. സൌദി-തുര്‍ക്കി സംയുക്ത അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്. കോണ്‍സുല്‍ ജനറലുടെ വീടും വാഹനവും പരിശോധിക്കാനുള്ള അനുമതിയും സൌദി ഭരണകൂടം നല്‍കിയിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് കോണ്‍സുലേറ്റിലെത്തിയ ജമാല്‍ ഖശോഗിയെ കാണാതാകുന്നത്. കോണ്‍സുലേറ്റില്‍ നിന്നും അദ്ദേഹം പുറത്ത് കടന്നിട്ടില്ലെന്നാണ് പ്രതിശ്രുത വധുവിന്റെ പരാതി. വിഷയം ചൂടേറിയതോടെ സംഭവത്തില്‍ തുര്‍ക്കി സൌദി സംയുക്ത സംഘം അന്വേഷണം തുടങ്ങി.

ഇന്നലെ കോണ്‍സുലേറ്റില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി ചില മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. കോണ്‍സുലേറ്റില്‍ നിന്നും കോണ്‍‌സുല്‍ ജനറലുടെ വീട്ടിലേക്കാണ് ഖശോഗിയെ കൊണ്ടു പോയത് എന്ന സംശയം തീര്‍ക്കാനാണ് വീട്ടില്‍ പരിശോധന നടത്തുന്നത്. കൊണ്ടു പോയെന്ന് ആരോപിക്കുന്ന വാഹനം പരിശോധിക്കാനും സൌദി അനുമതി നല്‍കിയിട്ടുണ്ട്‌. അന്വേഷണം തീര്‍ന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് സൌദിയും തുര്‍ക്കിയും അമേരിക്കയും. വിഷയത്തില്‍ സൌദി ആഭ്യന്തര അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സൌദി ഭരണകൂടവുമായി ചര്‍ച്ച നടത്തി. അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരമാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെത്തിയത്. തുര്‍ക്കി വിദേശകാര്യ മന്ത്രിയുമായും പോംപിയോ കൂടിക്കാഴ്ച നടത്തും.

മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കടുത്ത വാക്കുകളാണ് അമേരിക്കന്‍‌ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് നടത്തിയത്. ഗള്‍ഫ് രാഷ്ട്രങ്ങളെല്ലാം സൌദിക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഇതിന് പിന്നാലെ ട്രംപ് സല്‍മാന്‍ രാജാവുമായി സംസാരിച്ചു. വിഷയത്തില്‍ സൌദിക്ക് പറയാനുള്ളത് കേള്‍ക്കാനും ചര്‍ച്ചക്കുമായാണ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്ന് രാവിലെ സൌദിയിലെത്തിയത്. സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍‌മാനുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സൌദിയും തുര്‍ക്കിയും വിശദീകരിച്ചിട്ടില്ല. തുര്‍ക്കി വിദേശ കാര്യ മന്ത്രിയുമായും പോംപിയോ കൂടിക്കാഴ്ച നടത്തുന്നുണ്ട്. യമാമ കൊട്ടാരത്തില്‍ പോംപിയോ എത്തിയ കാര്യം അതീവ പ്രാധാന്യത്തോടെയാണ് ലോക മാധ്യമങ്ങള്‍ കാണുന്നത്.

Tags:    

Similar News