ജമാൽ ഖശോഗിയുടെ തിരോധാനം; ഫ്രഞ്ച് മന്ത്രി സൗദി സന്ദർശനം റദ്ദാക്കി
ജമാൽ ഖശോഗിയുടെ തിരോധാനത്തിൽ ആഗോളതലത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്
സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ തിരോധാനത്തിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ധനകാര്യ മന്ത്രി ബ്രൂണോ ലെ മേർ സൗദി സന്ദർശനം പിന്മാറി. റിയാദിൽ വെച്ചു നടക്കുന്ന നിക്ഷേപക സമ്മേളനത്തിൽ നിന്നാണ് ബ്രൂണോ മേർ പിന്മാറിയത്.
ജമാൽ ഖശോഗിയുടെ തിരോധാനത്തിൽ ആഗോളതലത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ഈയൊരു പശ്ചാതലത്തിൽ സൗദി സന്ദർശനം അനുയോജ്യമായ കാര്യമല്ലെന്നാണ് മന്ത്രി ബ്രൂണോ ലെ മേര്‍ പറഞ്ഞത്.
ഒക്ടോബര്‍ രണ്ടിന് തുർക്കിയിലെ സൗദി കോണ്‍സുലേറ്റിലെത്തിയ വാഷിങ്ടൺ പോസ്റ്റ് ലേഖകൻ ജമാല്‍ ഖശോഗിയെ കാണാതാവുകയായിരുന്നു. കോണ്‍സുലേറ്റില്‍ നിന്നും അദ്ദേഹം പുറത്ത് കടന്നിട്ടില്ലെന്നാണ് പ്രതിശ്രുത വധുവിന്റെ പരാതി.
എന്നാല്‍ ഖശോഗി കൊല്ലപ്പെട്ടെന്ന വാര്‍ത്ത സൗദി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തുര്‍ക്കി-സൗദി സംയുക്ത സംഘം വിഷയത്തില്‍ അന്വേഷണം തുടങ്ങി. കോണ്‍സുലേറ്റില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.