മ്യാന്‍മാറില്‍ മാധ്യമ സ്വാതന്ത്ര്യം വീണ്ടും ആശങ്കയില്‍; മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൂടി കേസ്
മ്യാന്മാര്‍ സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ നല്‍കിയതിനെത്തുടര്‍ന്ന് ഒരുപാട് മാധ്യമപ്രവര്‍ത്തകര്‍ ഇത് പോലെ തുറുങ്കിലകപ്പെട്ടിട്ടുണ്ട്.
യാഗോണ്‍ സിറ്റി സര്‍ക്കാര്‍ നല്‍കിയ ഹരജിയിന്മേല്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഇന്നലെ മ്യാന്മാര്‍ കോടതിയില്‍ ഹാജരായി. സര്‍ക്കാരിനെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. മ്യാന്മാര്‍ സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ നല്‍കിയതിനെത്തുടര്‍ന്ന് ഒരുപാട് മാധ്യമപ്രവര്‍ത്തകര്‍ ഇത് പോലെ തുറുങ്കിലകപ്പെട്ടിട്ടുണ്ട്.
യാഗോണ്‍ സര്‍ക്കാര്‍ പണമിടപാടുകളില്‍ നടത്തിയ തിരിമറിയെക്കുറിച്ച് വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് മ്യാന്‍മാര്‍ ലോക്കല്‍ ചാനലായ ഇലവന്‍ മീഡിയ ഗ്രൂപ്പിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടായത്. പ്രചരിപ്പിച്ച വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞാണ് ഇലവന്‍ മീഡിയ ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് ക്യാവ് സ്വാ ലിന്‍, മാനേജിങ് എഡിറ്റര്‍ ണാറ് മിന്‍, ചീഫ് റിപ്പോര്‍ട്ടര്‍ ഫ്യോ വായ് വിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മനുഷ്യാവകാശ കമ്മീഷന്‍ അവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
യാഗോണ്‍ മുനിസിപ്പാലിറ്റിയിലെ ക്രമക്കേടുകളെ അന്വേഷിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും തടയുന്നതിലൂടെ മ്യാന്മാര്‍ സര്‍ക്കാര്‍ പത്രസ്വാതന്ത്ര്യത്തെ എത്രത്തോളം മാനിക്കുന്നു എന്ന് മനസ്സിലാക്കാനാകുമെന്ന് ഏഷ്യ മനുഷ്യാവകാശ കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഫില്‍ റോബേര്‍ട്ട്സണ്‍ പറഞ്ഞു. എതിര്‍ത്ത് ചോദ്യങ്ങളുന്നയിക്കുന്നവരെ പിടിച്ച് അകത്തിടാന്‍ സര്‍ക്കാര്‍ പോലീസിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ തടയുകയും ഇപ്പോള്‍ ഉന്നയിച്ചിട്ടുള്ള കേസുകള്‍ തിരിച്ചെടുക്കുകയും ചെയ്യണം.
വന്‍കിട രാഷ്ട്രീയ പ്രവര്‍ത്തകര്‍ നടത്തിയ അഴിമതികളെ ചൂണ്ടി കാണിച്ച് ഇലവന്‍ മീഡിയയുടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ 2016ല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അവര്‍ക്കെതിരെയുള്ള കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.
റോയിറ്റേഴ്സിലെ മാധ്യമ പ്രവര്‍ത്തകരെ മ്യാന്‍മാര്‍ സര്‍ക്കാര്‍ തുറുങ്കിലടച്ച സംഭവം വലിയ ചര്‍ച വിഷയമായിരുന്നു.