ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റും പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

Update: 2018-10-19 03:34 GMT
Advertising

ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റും പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചക്കിടെ മൂണ്‍ ജെ ഇന്‍ കൊറിയന്‍ സന്ദര്‍ശനത്തിനായി പോപ്പിനെ ക്ഷണിച്ചു. സന്ദര്‍ശന ക്ഷണത്തോട് പോപ്പ് അനുകൂലമായാണ് പ്രതികരിച്ചത്.

ഇന്നലെ വത്തിക്കാനിലായിരുന്നു കൂടിക്കാഴ്ച്ച. കൊറിയന്‍ മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്കായി പോപ്പ് കൊറിയ സന്ദര്‍ശിക്കണമെന്ന് മൂണ്‍ ജെ ഇന്‍ പോപ്പിനെ അറിയിച്ചു. മൂണ്‍ ജെ ഇന്നിന്‍റെ വാക്കാലുള്ള ക്ഷണത്തിന് അനുകൂലമായാണ് പോപ്പിന്‍റെ പ്രതികരണം. ഔദ്യോഗിക ക്ഷണം വന്നാല്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് പോപ്പ് അറിയിച്ചതായി മൂണ്‍ ജെ ഇന്നിന്‍റെ മാധ്യമ സെക്രട്ടറി പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച 35 മിനിറ്റോളം നീണ്ടു. കൊറിയന്‍ മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് പോപ്പിന്‍റെ സന്ദര്‍ശനം ശക്തി പകരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇരു കൊറിയകള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചത് ഈ വര്‍ഷം ഇരു കൊറിയന്‍ നേതാക്കളും തമ്മില്‍ നടത്തിയ ഉച്ചകോടികളിലൂടെയായിരുന്നു. ഈ വര്‍ഷം 3 തവണ മൂണ്‍ ജെ ഇന്നും, കിം ജോങ് ഉന്നും കൂടിക്കാഴ്ച്ച നടത്തി. ആദ്യ ഉച്ചകോടിക്കിടെ ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നാണ് പോപ്പിനെ കൊറിയന്‍ സന്ദര്‍ശനത്തിന് ക്ഷണിക്കണമെന്ന ആവശ്യം ദക്ഷിണ കൊറിയന്‍ നേതാവിനോട് ഉന്നയിക്കുന്നത്.

ഉത്തരകൊറിയയില്‍ 1950 ലെ കൊറിയന്‍ യുദ്ധത്തിന് മുമ്പ് 55000ത്തോളം ക്രിസ്ത്യന്‍ മത വിശ്വാസികളുണ്ടായിരുന്നെന്നാണ് ക്രിസ്ത്യന്‍ സഭകളുടെ കണക്ക്. ക്രിസ്ത്യന്‍ പുരോഹിതരുടെ സജീവ പ്രവര്‍ത്തനത്തിന് ഉത്തര കൊറിയയില്‍ അനുവാദമില്ല. നിലവില്‍ ഉത്തര കൊറിയയിലെ ക്രിസ്ത്യന്‍ മത വിശ്വസികളുടെ എണ്ണം 4000 ത്തോളം മാത്രമേ ഉണ്ടാകുവെന്നും ക്രിസ്ത്യന്‍ സഭാ വൃത്തങ്ങള്‍ പറയുന്നു.

Tags:    

Similar News