തിബറ്റിനെ ചൈന കീഴടക്കിയത് ഇങ്ങനെ...

കേവലമൊരു അധിനിവേശമായിരുന്നില്ല ചൈനയുടേത്. ഒരു ദേശത്തിന്‍റെ സംസ്കാരവും പൈതൃകവുമെല്ലാം ഒറ്റയടിക്ക് ചൈനയുടെ ഭാഗമായി. 

Update: 2018-10-21 04:54 GMT
Advertising

ലോക ചരിത്രത്തിലെ‌ വലിയൊരു അധിനിവേശത്തിന്‍റെ ഓര്‍മ ദിനമാണ് ഇന്ന്. ചൈനീസ് സൈന്യം തിബറ്റില്‍ ആധിപത്യം സ്ഥാപിച്ചിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണിന്ന്. 1950 ഒക്ടോബര്‍ 21 നാണ് ചൈന തിബറ്റ് കീഴടക്കിയത്.

കേവലമൊരു അധിനിവേശമായിരുന്നില്ല ചൈനയുടേത്. ഒരു ദേശത്തിന്‍റെ സംസ്കാരവും പൈതൃകവുമെല്ലാം ഒറ്റയടിക്ക് ചൈനയുടെ ഭാഗമായി. തിബറ്റിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ആവും വിധമെല്ലാം ചൈന ശ്രമിച്ചുകൊണ്ടേയിരുന്നു. പൊതുവെ ശുദ്ധരായിരുന്ന തിബറ്റുകാര്‍ക്ക് ചൈനയുടെ കടന്നുകയറ്റത്തെ നേരത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനുമായില്ല.

സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് തിബറ്റന്‍ ജനതയെ മോചിപ്പിക്കുന്നതിന് സഹായിക്കുക എന്ന വ്യാജേനയായിരുന്നു ചൈനീസ് ആധിപത്യത്തിന്‍റെ തുടക്കം. തിബറ്റിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരം ചംദോ പിടിച്ചടക്കിക്കൊണ്ട് അവര്‍ മേല്‍കൈ നേടി. തൊട്ടു പിന്നാലെ ഖാം മേഖലയും അധികം വൈകാതെ ഖാംദൊയും കീഴടക്കി. ഇരുഭാഗത്ത് നിന്നുള്ള നിരവധി സൈനികര്‍ മരണക്കിന് കീഴടങ്ങി.

അശാന്തിയുടെ നാളുകളില്‍ പലതരത്തിലുമുള്ള ചര്‍ച്ചകള്‍ നടന്നു. അനുനയിപ്പിക്കാനും ചേര്‍ത്തുനിര്‍ത്താനും നിരന്തര ശ്രമങ്ങള്‍. തുടര്‍ച്ചയെന്നോണം ഒപ്പുവെച്ച പതിനേഴിന കരാര്‍ പൂര്‍ണമായും തിബറ്റിന്‍റെ അധികാരം ചൈനക്ക് ഉറപ്പു നല്‍കുന്നതായിരുന്നു. പൂര്‍വകാല കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് തിബറ്റിന് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു ചൈന.

ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നിട്ടില്ലായിരുന്നിട്ടും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചൈന ആ നുണ സത്യമാണെന്ന് തിബറ്റന്‍ ജനതയെ വിശ്വസിപ്പിച്ചു. പട്ടിണിയും പരിവട്ടവുമായി അവര്‍ അങ്ങേയറ്റം ബുദ്ധിമുട്ടി. ചൈനയുടെ നിയമങ്ങള്‍ പലതും സമാധാന പ്രിയരായിരുന്ന തിബറ്റന്‍ ജനതക്ക് അംഗീകരിക്കാനാവുന്നതിലും അപ്പുറമായി. തിരിച്ചറിവ് വന്നപ്പോഴേക്കും സാംസ്കാരികവും രാഷ്ട്രീയവുമായി എല്ലാ തരത്തിലും അവര്‍ അടിയറവ് പറഞ്ഞു.

ആറര പതിറ്റാണ്ടുകള്‍ പിന്നിടുന്പോള്‍ ചൈനയുടെ പിടിയില്‍നിന്ന് പുറത്ത് കടക്കുകയെന്നത് തിബറ്റിന്‍റെ സങ്കല്‍പ്പങ്ങള്‍ക്ക് പോലും അകലെയായി. അശാന്തിയുടെ തേരോട്ടങ്ങള്‍ അവരുടെ പുതുതലമുറക്ക് ശീലമായി. സ്വത്വബോധം നഷ്ടപ്പെട്ട ഒരു തലമുറയെ സൃഷ്ടിച്ച അധിനിവേശത്തിന്‍റെ കഥ കൂടിയായിരുന്നു തിബറ്റിലെ ചൈനീസ് അധിനിവേശത്തിന്‍റേത്.

Tags:    

Similar News