വെസ്റ്റ്ബാങ്കിലെ ഗ്രാമത്തില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള തീരുമാനം ഇസ്രായേല്‍ മരവിപ്പിച്ചു  

വെസ്റ്റ്ബാങ്കിലെ ഖാ​ൻ അ​ൽ അ​ഹ്​​മ​ർ ഗ്രാമത്തില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള തീരുമാനമാണ് ഇസ്രായേല്‍ മരവിപ്പിച്ചത് 

Update: 2018-10-22 02:53 GMT
Advertising

വെസ്റ്റ്ബാങ്കിലെ ഖാൻ അൽ അഹ്മർ ഗ്രാമത്തില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള തീരുമാനം ഇസ്രായേല്‍ മരവിപ്പിച്ചു. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കാന്‍ വേണ്ടിയാണ് നടപടി നിര്‍ത്തി വെച്ചതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. എന്നാല്‍ ശക്തമായ എതിര്‍പ്പാണ് ഇസ്രായേല്‍ പിന്‍വാങ്ങാന്‍ കാരണമെന്നാണ് സൂചന. കുടിയൊഴിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചതായി ഇന്നലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പാട്ടുപാടിയും നൃത്തംവെച്ചും ആഹ്ലാദാരവങ്ങളോടെയാണ് വാര്‍ത്ത ഫലസ്തീനികള്‍ സ്വീകരിച്ചത്.

തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചെങ്കിലും നീക്കം പൂര്‍ണമായും ഉപേക്ഷിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് ഫലസ്തീന്‍ മന്ത്രി വാലിദ് അസ്സാഫ് പ്രതികരിച്ചു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ബിദൂയിന്‍ വില്ലേജ് പൂര്‍ണമായും പിടിച്ചെടുക്കാനും ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുമായിരുന്നു ഇസ്രായേല്‍ തീരുമാനം. ഇതിനനുകൂലമായി ഇസ്രായേല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് ഇസ്രായേലില്‍ നിന്ന് അനുമതി വാങ്ങിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കനത്ത പ്രതിഷേധമാണ് പ്രദേശവാസികളില്‍ നിന്നുയര്‍ന്നത്. അതേസമയം തീരുമാനം മരവിപ്പിച്ചത് താല്‍ക്കാലിക നടപടിയാണെന്നും എത്രയും വേഗം കുടിയൊഴിപ്പിക്കല്‍ പുനരാരംഭിക്കുമെന്നുമാണ് ഇസ്രായേലിന്റെ നിലപാട്.

Tags:    

Similar News