ഹോണ്ടുറാസില്‍ നിന്നും അമേരിക്കയിലേക്ക് പ്രവേശിക്കാനുള്ള അഭയാര്‍ത്ഥിക്കൂട്ടങ്ങളുടെ ശ്രമം തുടരുന്നു
നദിയിലൂടെ ചങ്ങാടങ്ങളുപയോഗിച്ചും വലിയ റബ്ബർ ടയർ നിർമ്മിതമായ ബോട്ടുകളും ഉപയോഗിച്ചുമാണ് ഇവര്‍ മെക്സിക്കോയിലേക്ക് കടക്കുന്നത്
ഹോണ്ടുറാസില്‍ നിന്നും അമേരിക്കയിലേക്ക് പ്രവേശിക്കാനുള്ള അഭയാര്‍ത്ഥിക്കൂട്ടങ്ങളുടെ ശ്രമം തുടരുന്നു. ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് മെക്സിക്കോ അതിര്‍ത്ഥിയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. എന്നാല്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
ഹോണ്ടുറാസില്‍ നിന്നും ഗ്വാട്ടിമാലയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരെ ഹോണ്ടുറാസ് പൊലീസ് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ഈ കാരണത്താല്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘം കാടുകളിലൂടെയാണ് സഞ്ചരിച്ചത്. ഇവര്‍ അമേരിക്കയിലേക്ക് കുടിയേറാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്രംപ് കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. കടുത്ത ദാരിദ്രവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം നിരവധിയാളുകളാണ് ഹോണ്ടുറാസ്, ഗ്വോട്ടിമാല തുടങ്ങിയ മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നത്.
ഈ ആഴ്ചയില്‍ ആയിരക്കണക്കിന് ഹോണ്ടുറാസ് കുടിയേറ്റക്കാര്‍ ഗ്വോട്ടിമാലയിലൂടെ കടന്ന് പോയിട്ടുണ്ട്. ചിലര്‍ മെക്സിക്കോ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നിന്നും മെകസിക്കന്‍ അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് കുടിയേറാനാണ് ശ്രമിക്കുന്നത്. നദിയിലൂടെ ചങ്ങാടങ്ങളുപയോഗിച്ചും വലിയ റബ്ബർ ടയർ നിർമ്മിതമായ ബോട്ടുകളും ഉപയോഗിച്ചുമാണ് ഇവര്‍ മെക്സിക്കോയിലേക്ക് കടക്കുന്നത്.
കുടിയേറ്റക്കാരെ തടയുന്നതിന് വേണ്ടി മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുകയും ചെയ്യുന്നുണ്ട്. മധ്യ അമേരിക്കന്‍ സര്‍ക്കാറുകള്‍ കുടിയേറ്റ പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ അവര്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.