അമേരിക്കയില്‍ അതിവേഗം വളരുന്ന ഭാഷ തെലുഗു

അമേരിക്കയിലെ വീടുകളിൽ ഇംഗ്ലീഷ് അല്ലാതെ ഉപയോഗിക്കുന്ന മറ്റ് ഭാഷകളെക്കുറിച്ച് ഒരു ഭാഷ സംഘടനയാണ് പഠനം നടത്തിയത്. 

Update: 2018-10-22 04:16 GMT
Advertising

അമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഭാഷ തെലുഗുവെന്ന് പഠന റിപ്പോര്‍ട്ട്. തെലുഗു സംസാരിക്കുന്നവരുടെ എണ്ണത്തില്‍ 86 ശതമാനം വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. യു.എസിലെ ഒരു ഭാഷ സംഘടനയാണ് പഠനം നടത്തിയത്.

അമേരിക്കയിലെ വീടുകളിൽ ഇംഗ്ലീഷ് അല്ലാതെ ഉപയോഗിക്കുന്ന മറ്റ് ഭാഷകളെക്കുറിച്ച് ഒരു ഭാഷ സംഘടനയാണ് പഠനം നടത്തിയത്. 2010 -2017 വര്‍ഷങ്ങളിലെ കണക്കുകളാണ് സംഘടന പരിശോധിച്ചത്. ഈ പഠന റിപ്പോര്‍ട്ടിലാണ് കൌതുകരമായ വിവരങ്ങള്‍ പുറത്തുവന്നത്. 2017 ല്‍ നാലു ലക്ഷത്തോളം പേര്‍ തെലുഗു സംസാരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2010 ല്‍ ഇതിന്റെ പകുതിയില്‍ താഴെ ആളുകള്‍ മാത്രമായിരുന്നു തെലുഗു സംസാരിച്ചിരുന്നത്. 86 ശതമാനത്തിന്റെ വര്‍ധനയാണ് ഈ കാലയളവില്‍ മാത്രം രാജ്യത്തുണ്ടായത്. വളരുന്ന ഭാഷകളില്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ ബംഗാളിയും തമിഴുമാണ്. 50 ശതമാനത്തിലധികം വര്‍ധനയാണ് ഈ ഭാഷകള്‍ക്കുണ്ടായത്. ഇതിന് പുറമെ അറബിക്, ഹിന്ദി, ഉർദു, പഞ്ചാബി, ചൈനീസ്, ഗുജറാത്തി, ഹെയ്തിയൻ എന്നീ ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണത്തിലും വന്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്.

ഹൈദരാബാദ് ഉള്‍പ്പടെയുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്കയിലെ ഐടി മേഖലയിലേക്ക് കുടിയേറ്റം വർധിച്ചതാണ് തെലുഗു ഉള്‍പ്പടെയുള്ള ഇന്ത്യന്‍ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തിന് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ നാലാമത്തെ പ്രധാന ഭാഷയാണ് തെലുങ്ക്. ആന്ധ്ര തെലുങ്കാന സംസ്ഥാനങ്ങളിലെ ഭാഷയായ തെലുഗു സംസാരിക്കുന്നത് 8 കോടി 40 ലക്ഷത്തോളം പേരാണ്.

Tags:    

Similar News