അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബാൾടൺ റഷ്യയില്‍
നേരത്തെ തീരുമാനിച്ചതനുസരിച്ചാണ് സന്ദര്‍ശനമെങ്കിലും പുതിയ സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് സന്ദര്‍ശനത്തിന് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്
റഷ്യയുമായുള്ള ആണവ കരാറിൽനിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബാൾടൺ റഷ്യയില്‍. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്കായാണ് ജോൺ ബാനെത്തിയത്. നേരത്തെ തീരുമാനിച്ചതനുസരിച്ചാണ് സന്ദര്‍ശനമെങ്കിലും പുതിയ സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് സന്ദര്‍ശനത്തിന് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്.
ആണവ മിസൈലുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് 1987ൽ നിലവിൽവന്ന കരാറിൽനിന്ന് പിന്മാറുമെന്ന് കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചത്. റഷ്യ കരാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പിന്മാറ്റ തീരുമാനം. എന്നാൽ, കരാറിൽനിന്ന് പിന്മാറുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിരുന്നു. നീക്കം ആയുധമത്സരത്തിനിടയാക്കുമെന്നും അവധാനതയോടെ തീരുമാനമെടുക്കണമെന്നും റഷ്യ പ്രതികരിച്ചു. കരാറിൽനിന്ന് പിന്മാറാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ വിവിധ രാജ്യങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു. ശീതയുദ്ധകാല കരാർ പിൻവലിക്കുന്നത് യൂറോപ്പിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു. കരാർ നിലനിർത്തുന്നതിന് യു.എസും റഷ്യയും ചർച്ചക്ക് സന്നദ്ധമാകണമെന്ന് യൂറോപ്യൻ യൂനിയനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് ജോണ്‍ ബാൾടന്റെ സന്ദര്‍ശനം സഹായകരമാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.