ഡ്രോണ്‍ ആക്രമണം; അമേരിക്കക്കെതിരെ ഗുരുതര ആരോപണവുമായി റഷ്യ
സിറിയയിലെ തങ്ങളുടെ വ്യോമതാവളത്തില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് ആരോപണം
അമേരിക്കക്കെതിരെ ഗുരുതര ആരോപണവുമായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. സിറിയയിലെ തങ്ങളുടെ വ്യോമതാവളത്തില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് ആരോപണം. ചൈനയിലെ ഷിയാന്‍ഷാന്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റഷ്യന്‍ പ്രതിരോധ സഹമന്ത്രി.
ജനുവരിയില്‍ തങ്ങളുടെ വ്യോമതാവളം ലക്ഷ്യം വെച്ച് 13 തവണ ഡ്രോണ്‍ ആക്രമണങ്ങളുണ്ടായി എന്നാണ് റഷ്യന്‍ പ്രതിരോധ സഹമന്ത്രി അലക്സാണ്ടര്‍ ഫോമിന്റെ വെളിപ്പെടുത്തല്‍. യുഎസ് പോസിഡണ്‍ 8 എന്ന അമേരിക്കന്‍ ചാര വിമാനമാണ് എല്ലാ ആക്രമണങ്ങളും നിയന്ത്രിച്ചത്. എട്ട് മണിക്കൂര്‍ നേരം ചാരവിമാനം മെഡിറ്ററേനിയന്‍ കടലിലുണ്ടായിരുന്നുവെന്നും ഡ്രോണുകള്‍ക്കുള്ള നിര്‍ദേശം ഈ ദിശയില്‍ നിന്നാണ് വന്നിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റഷ്യയുമായുള്ള ആണവ കരാറിൽ നിന്ന് പിന്മാറുന്നതായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കഴിഞ്ഞ ദിവസം നടന്ന യു.എസ് സുരക്ഷാ ഉപദേഷ്ടാവ്
ജോൺ ബാൾടന്റെ റഷ്യന്‍ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടതിന് ഇടയിലാണ് പുതിയ ആരോപണങ്ങളുമായി റഷ്യ രംഗത്തെത്തിയിരിക്കുന്നത്.