പാര്‍ലമെന്റ് മരവിപ്പിച്ച് സിരിസേന; ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
റെനില്‍ വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി പകരം മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ തല്‍സ്ഥാനത്ത് അവരോധിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ പാര്‍ലമെന്റ് മരവിപ്പിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് പാര്‍ലമെന്റ് മരവിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നവംബര്‍ 16 വരെയാണ് പാര്‍ലമെന്റിന്റെ എല്ലാ സമ്മേളനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നത്. 2019 ലെ വാര്‍ഷിക ബജറ്റിന് മുന്നോടിയായി ശ്രീലങ്കന്‍ പാര്‍ലമെന്റ് നവംബര്‍ അഞ്ചിന് ചേരേണ്ടതായിരുന്നു. നടപടി ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടയാക്കുമെന്നാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എ) പാര്‍ട്ടി അപ്രതീക്ഷിതമായി റെനില്‍ വിക്രമസിംഗെയുടെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് വിക്രമസിംഗെയെ സിരിസേന പുറത്താക്കിയത്. 2015 ല്‍ റെനില്‍ വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡന്റായതോടെ രൂപംകൊണ്ട മുന്നണിയാണ് ഇതോടെ ഇല്ലാതായത്.
പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാതെ നിലവിലെ പ്രധാനമന്ത്രിയെ മാറ്റാന്‍ പാടില്ലെന്നാണ് ശ്രീലങ്കയുടെ ഭരണഘടനാ വ്യവസ്ഥ. ഇതനുസരിച്ച് അടിയന്തരമായി പാര്‍ലമെന്റ് വിളിച്ചുചേര്‍ത്ത് ഭൂരിക്ഷം തെളിയിക്കണമെന്ന് റെനില്‍ വിക്രമസിംഗെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് മരവിപ്പിച്ചുകൊണ്ട് പ്രസിഡന്റ് സിരിസേന ഉത്തരവിറക്കിയത്.
നിലവിലെ പ്രതിസന്ധി വളരെവേഗം പരിഹരിക്കപ്പെടുമെന്നാണ് ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കാരു ജയസുരിയ പറയുന്നത്. അതേസമയം യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ പ്രതിനിധികളും അമേരിക്കയും ശ്രീലങ്കയിലെ സംഭവഗതികള്‍ നിരീക്ഷിക്കുകയാണ്. ഇരുപാര്‍ട്ടികളും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണമെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. അതിനിടെ മഹീന്ദ രാജപക്‌സെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നേരെ രാജപാക്‌സെ അനുകൂലികള്‍ ഭീഷണി ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.