ശ്രീലങ്കയില്‍ പുറത്താക്കപ്പെട്ട മന്ത്രി അര്‍ജുന രണതുങ്ക അറസ്റ്റില്‍

Update: 2018-10-29 13:33 GMT
Advertising

ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പുറത്താക്കപ്പെട്ട മന്ത്രി അര്‍ജുന രണതുങ്കയെ അറസ്റ്റ് ചെയ്തു. രണതുങ്കയുടെ അംഗരക്ഷകര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. രണതുങ്കയെ കോടതിയില്‍ ഹാജരാക്കുമെന്ന് കൊളംബോ ക്രൈം ഡിവിഷന്‍ വ്യക്തമാക്കി.

വിക്രമസിംഗെ മന്ത്രിസഭയെ ലങ്കന്‍ പ്രസിഡന്‍റ് പുറത്താക്കിയതോടെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നതാണ് അര്‍ജുന രണതുംഗയുടെ അറസ്റ്റ്. ഇന്നലെ രണതുംഗ ഓഫീസിലേക്ക് കടക്കുന്നത് തടഞ്ഞ സിരിസേന അനുകൂലികള്‍ക്ക് നേരെ അംഗരക്ഷകര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതാണ് കേസ്. മൂന്നു പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.

കൊളംബോ ക്രൈം ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെയാണ് രണതുംഗയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലക്കുറ്റം അടക്കം ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. രണതുംഗയെ നാളെ കോടതിയില്‍ ഹാജരാക്കും.

ഇതിനിടെ തനിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടു. വിക്രമസിംഗെ മന്ത്രിസഭയ്ക്ക് സിരിസേനയുടെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ നാടകത്തിന് തുടക്കമായത്.

Tags:    

Similar News