2021ല്‍ മത്സരിക്കില്ലെന്ന് ആംഗല മെര്‍ക്കല്‍
2000 മുതല്‍ പാര്‍ട്ടിയെ നയിക്കുന്നത് ആംഗല മെര്‍ക്കലാണ്. ഒപ്പം 2005 മുതല്‍ ജര്‍മ്മന്‍ ചാന്‍സിലര്‍ എന്ന നിലയില്‍ രാജ്യത്തെയും നയിക്കുന്നു.
ഇനി ജര്‍മ്മന്‍ ചാന്‍സിലറാകാനില്ലെന്ന് ആംഗല മെര്‍ക്കല്‍. 2021 ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മെര്‍ക്കല്‍ തന്നെയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്നും ഡിസംബറില്‍ വിരമിക്കുമെന്നും മെര്‍ക്കല്‍ അറിയിച്ചു.
ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ചെയര്‍വുമണ്‍ സ്ഥാനത്ത് നിന്നും ഡിസംബറോടെ വിരമിക്കുമെന്ന് ഇന്നലെയാണ് ആംഗല മെര്‍ക്കല്‍ വ്യക്തമാക്കിയത്. 64 കാരിയായ മെര്‍ക്കല്‍ 18 വര്‍ഷമായി സി.ഡി.യുവിന്റെ ചെയര്‍ വുമണ്‍ സ്ഥാനം അലങ്കരിച്ച് വരികയാണ്. അതോടൊപ്പം ചാന്‍സിലര്‍ എന്ന നിലയില്‍ ഇത് തന്റെ അവസാന ടേം ആയിരിക്കുമെന്നും മെര്‍ക്കല്‍ വ്യക്തമാക്കിയതായി പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. 2021 ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ താന്‍ ചാന്‍സിലര്‍ സ്ഥാനാര്‍ത്ഥിയായിരിക്കില്ലെന്നും അത് വരെ സ്ഥാനത്ത് തുടരുമെന്നും മെര്‍ക്കല്‍ അറിയിച്ചു.
2000 മുതല്‍ പാര്‍ട്ടിയെ നയിക്കുന്നത് ആംഗല മെര്‍ക്കലാണ്. ഒപ്പം 2005 മുതല്‍ ജര്‍മ്മന്‍ ചാന്‍സിലര്‍ എന്ന നിലയില്‍ രാജ്യത്തെയും നയിക്കുന്നു. 2017ല്‍ മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിനാണ് മെര്‍ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജര്‍മ്മനിയുടെ പടിഞ്ഞാറന്‍ സംസ്ഥാനമായ ഹെസ്സയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.ഡി.യുവിന് തിരിച്ചടി നേരിട്ടിരുന്നു. 2013 ലെ തെരഞ്ഞെടുപ്പില്‍ 38.3 ശതമാനം വോട്ട് നേടിയിരുന്നെങ്കില്‍ ഇത്തവണ അത് 27.2 ശതമാനമായി കുറഞ്ഞിരുന്നു. ഇതെല്ലാം നേതൃമാറ്റത്തെ സ്വാധീനിച്ചതായാണ് വിവരം.
പുതിയ അധ്യായം ആരംഭിക്കാന്‍ സമയമായെന്നു തിങ്കളാഴ്ച പാര്‍ട്ടി ആസ്ഥാനത്തു മാധ്യമങ്ങളോടു സംസാരിക്കവെ മെര്‍ക്കല്‍ വ്യക്തമാക്കുകയായിരുന്നു.