പ്രിയതമനെ സ്വന്തമാക്കാന്‍ കൊട്ടാരവും പദവിയും ഉപേക്ഷിച്ച രാജകുമാരി
അഗാധമായ പ്രണയത്തിന് മുന്നില്‍ രാജകീയ ജീവിതവും ആഢംബരങ്ങളും ഒന്നുമല്ലെന്ന് തെളിയിക്കുകയാണ് ജപ്പാനിലെ ഈ രാജകുമാരി. സാധാരണക്കാരനായ യുവാവിനെ വിവാഹം ചെയ്യാനായി കൊട്ടാരവും പദവിയുമുപേക്ഷിച്ചിരിക്കുകയാണ് ജപ്പാനിലെ രാജകുമാരി അക്കായോ. ഇന്ന് രാവിലെയാണ് അക്കായോ രാജകുമാരി തന്റെ പ്രിയതമനെ വരിച്ചത്. അതിനായി അവര്‍ കൊട്ടാരത്തെയും രാജകുടുംബത്തെയും ഉപേക്ഷിച്ചു. ജപ്പാനിലെ ചക്രവര്‍ത്തി അകിതോയുടെ സഹോദരന്റെ മൂന്നാമത്തെ മകളാണ് ഇരുപത്തെട്ടുകാരിയായ അക്കായോ രാജകുമാരി.
മുപ്പത്തി രണ്ടുകാരനും നിപ്പോണ്‍ യൂന്‍സെന്‍ കമ്പനിയിലെ ജീവനക്കാരനുമായ കേയ് മോറിയോയുമായാണ് അക്കായോ രാജകുമാരിയുടെ വിവാഹം നടന്നത്. ജാപ്പനീസ് ആചാരമനുസരിച്ചാണ് ഇവരുടെ വിവാഹം നടന്നത്. ടോക്കിയോയിലെ മേയ്ജി ക്ഷേത്രത്തില്‍ വച്ചാണ് ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നത്. രാജ കുടുംബത്തില്‍ നിന്നല്ലാതെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം ജപ്പാന്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് ലഭിച്ചിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. നിലവിലെ ചക്രവര്‍ത്തിയായ അകിതോയാണ് ഇത്തരത്തില്‍ സാധാരണക്കാരിയെ വിവാഹം ചെയ്യുന്ന ആദ്യത്തെ രാജകുടുംബാംഗം.
വിവാഹ ശേഷം അക്കായോ മോറിയ എന്നാവും രാജകുമാരി അറിയപ്പെടുക. കിരീടാവകാശികളായി പുരുഷന്മാര്‍ കുറവുള്ള രാജകുടുംബം കൂടിയാണ് ജപ്പാന്റേത്. രാജകുടുംബത്തിലെ പുരുഷന്മാര്‍ വിവാഹം ചെയ്യുന്ന സാധാരണക്കാരികള്‍ രാജകുടുംബത്തിന്റെ ഭാഗമാകുമെങ്കില്‍ സ്ത്രീകള്‍ക്ക് അത്തരം പരിഗണന ജപ്പാനില്‍ ലഭിക്കാറില്ല. സാധാരണക്കാരുടെ ജീവിതമായി അക്കായോയ്ക്ക് പൊരുത്തപ്പെടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കേയ് മോറിയ വിവാഹശേഷം പ്രതികരിച്ചു. അക്കായോ രാജകുമാരിയുടെ അമ്മയുടെ സുഹൃത്തിന്റെ മകനാണ് കേയ് മോറിയ.