പിറ്റ്സ്ബര്‍ഗ് സിനഗൌഗ് വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസമാഹരണത്തിനൊരുങ്ങി അമേരിക്കയിലെ മുസ്‍ലീകള്‍
കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് പെന്‍സില്‍വാനിയ പിറ്റ്‌സ്ബര്‍ഗ് ട്രീ ഓഫ് ലൈഫ് എന്ന ജൂത പള്ളിയില്‍ 11 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടന്നത്.
ജൂതന്മാരെല്ലാം മരിക്കണം എന്നാക്രോശിച്ചു കൊണ്ട് അമേരിക്കയിലെ പിറ്റ്സ്ബര്‍ഗിലെ ജൂത പള്ളിയിലെത്തിയ റോബര്‍ട് ബോവേഴ്സ് എന്ന 46 കാരന്‍ തിരയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ 11 പേര്‍ മരിക്കുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റും ഫ്രാന്‍സിസ് മാര്‍പ്പാപ്പയടക്കം ലോകനേതാക്കള്‍ വെടിവെപ്പിനെ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. ജൂതന്മാര്‍ക്കെതിരെയുള്ള വംശീയ ഉന്മൂലനമാണ് ഇതെന്ന് ട്രംപ് പറഞ്ഞു. കുറ്റവാളിക്കെതിരില്‍ 29 ക്രിമിനല്‍ കേസുകളാണ് രെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
ഇതിനിടെയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെയും പരക്കേറ്റവരെയും സഹായിക്കുക എന്ന ലക്ഷ്യത്തില്‍ അമേരിക്കയിലുള്ള ലോഞ്ച് ഗുഡ് എന്ന സൈറ്റിന്‍റെ നേതൃത്വത്തില്‍ ക്രൌഡ് ഫണ്ടിങിന് മുസ്‍ലിംകള്‍ ഒരുങ്ങുന്നത്. പ്രവാചകന്‍ മുഹമ്മദിന്‍റെ ജീവിതവും സന്ദേശവും മറ്റുളളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സെലിബ്രേറ്റ് മേഴ്സി എന്ന സംഘടനയുടെ സ്ഥാപകനായ താരിഖ് അല്‍ മെസീദിയാണ് ക്രൌഡ് ഫണ്ടിങിന് ആഹ്വാനം ചെയ്തത്.
ആദ്യ ആറു മണിക്കൂറില്‍ തന്നെ 25000 ഡോളര്‍ സമാഹരിക്കാനായി. ഏകദേശം 1834500 ഇന്ത്യന്‍ രൂപയോളം വരുമത്. പത്ത് ദിവസം നീണ്ടു നില്ക്കുന്ന ധനസമാഹരണത്തിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.