ഇന്തോനേഷ്യന്‍ വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു
ദുരന്തത്തിന് തലേന്നും സാങ്കേതിക തകരാര്‍മൂലം അപകടകരമായ രീതിയിലാണ് ഇതേ വിമാനം പറന്നിരുന്നതെന്ന് ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24 പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്...
ഇന്തോനേഷ്യയിലെ ജാവ കടലില്‍ തകര്‍ന്നു വീണ ബോയിങ് 737 വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു. 812 പേരും 35 കപ്പലും 50 മുങ്ങല്‍ വിദഗ്ധരുമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
189 പേരുമായി പറന്നുയര്‍ന്ന വിമാനമാണ് ജാവ കടലില്‍ തകര്‍ന്നു വീണത്. 35 മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടി വിദഗ്ധര്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. തിരച്ചില്‍ തുടരാന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ നിര്‍ദേശം നല്‍കി.
അതിനിടെ ദുരന്തത്തിന് തലേന്നും സാങ്കേതിക തകരാര്‍മൂലം അപകടകരമായ രീതിയിലാണ് ഇതേ വിമാനം പറന്നിരുന്നതെന്ന് ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24 പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഞായറാഴ്ച ബാലിയിലെ ഡെന്‍പാസറില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പറന്നുയര്‍ന്ന വിമാനം ആദ്യ ഘട്ടത്തില്‍ വേഗതയിലും ഉയരത്തിലും അസ്വാഭാവിക വ്യതിയാനത്തോടെയാണ് പറന്നതെന്നും ഉയര്‍ന്നുകൊണ്ടിരിക്കേണ്ട സമയത്ത് 27 സെക്കന്റ് 875 അടി താഴ്ന്നാണ് പറന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് ബാങ്ക ദ്വീപിലെ പങ്കല്‍ പിനാങ്ങിലേക്ക് 6.30ഓടെ പറന്നുപൊങ്ങിയ വിമാനം 13 മിനിറ്റിനകം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.