416 മീറ്റര്‍ ആഴത്തില്‍ മുങ്ങല്‍ പരിശീലനം നടത്തി റഷ്യന്‍ നേവിയുടെ പുതിയ റെക്കോഡ്
416 മീറ്റര്‍ ആഴത്തില്‍ മുങ്ങല്‍ പരിശീലനം നടത്തി റഷ്യന്‍ നേവിയുടെ പുതിയ റെക്കോഡ്. റഷ്യന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ ജപ്പാനിലെ കടലില്‍ നടത്തിയ പരിശീലനമാണ് പുതിയ റെക്കോഡ് സൃഷ്ടിച്ചത്. 416 മീറ്റര്‍ ആഴത്തില്‍ ചെന്നുള്ള റെക്കോര്‍ഡ് അന്തര്‍വാഹിനി രക്ഷാപ്രവര്‍ത്തനങ്ങളാണ് റഷ്യന്‍ നേവി പരിശീലിച്ചത്.
3 ദിവസത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് റഷ്യന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ അതി സാഹസികമായ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന്റെ പരീക്ഷണം നടത്തിയത്. ആദ്യ പരിശീലനത്തില്‍ തന്നെ 416 മീറ്റര്‍ ആഴത്തില്‍ എത്താന്‍ സാധിച്ചു. ഇതുവരെ ഇത്രയും ആഴത്തില്‍ ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചിട്ടില്ല. അന്തര്‍വാഹിനി കപ്പലുപയോഗിച്ച് സമുദ്രത്തില്‍ നിലയുറപ്പിച്ച ഇഗോര്‍ ബെലോസൊവ് എന്ന രക്ഷപ്രവര്‍ത്തന കപ്പലിലേക്ക് എത്താനാണ് 3 ദിവസത്തെ തയ്യാറെടുപ്പുകള്‍ കൊണ്ട് സാധിച്ചത്. 450 മീറ്റര്‍ ആഴത്തില്‍ നിന്നു വരെ 60 പേരെയെങ്കിലും മുകളിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന രക്ഷാകപ്പലാണ് റഷ്യന്‍ നേവിയുടെ ഇഗോര്‍ ബെലോസൊവ്.
2000ത്തിലാണ് റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അന്തര്‍വാഹിനി അപകടം ഉണ്ടായത്. അപകടത്തില്‍ അന്തര്‍വാഹിനിയിലുണ്ടായിരുന്ന 118 പേരും കൊല്ലപ്പെട്ടു. മതിയായ രക്ഷപ്രവര്‍ത്തന സംവിധാനങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ഇത്രയും ജീവനുകള്‍ നഷ്ടമാകാന്‍ ഇടയായതെന്ന് പിന്നീട് നടത്തിയ അന്വേഷണങ്ങളിലൂടെ വ്യക്തമായിരുന്നു. ഇതാണ് പുതിയ രക്ഷപ്രവര്‍ത്തന ദൗത്യത്തിലേക്ക് റഷ്യന്‍ നേവിയെ പ്രേരിപ്പിച്ചത്. വര്‍ഷങ്ങളോളം നീണ്ട പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ആദ്യ പരിശീലനം റഷ്യന്‍ നേവി വിജയകരമായി പൂര്‍ത്തീകരിച്ചത്.