ദ്വിദിന സന്ദർശനം പൂർത്തിയാക്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കുവൈത്തിൽ നിന്ന് മടങ്ങി
ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കുവൈത്തിൽ നിന്ന് മടങ്ങി. ബുധാനാഴ്ച കുവൈത്ത് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സുഷമ സ്വരാജ് ഉന്നതാധികാരികളുടെ ശ്രദ്ധയിൽപെടുത്തി.
രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തുടങ്ങിയവരുമായി സുഷമ സ്വരാജ് ചർച്ച നടത്തി. വിസ പുതുക്കൽ പ്രതിസന്ധിയിലായ എൻജിനീയർമാർ, ആരോഗ്യ മന്ത്രാലയത്തിൽ നിയമനം ലഭിച്ചിട്ടും ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടുന്ന നഴ്സുമാർ, ഗാർഹികത്തൊഴിലാളികൾ തുടങ്ങി കുവൈത്തിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സുഷമ സ്വരാജ് കുവൈത്ത് അമീറിന്റെ ശ്രദ്ധയിൽപെടുത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണെന്നും കുവൈത്തിെന്റെ വികസനത്തിൽ ഇന്ത്യൻ തൊഴിലാളികൾ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ അമീർ ഇന്ത്യ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ അനുഭാവപൂർവം പഠിച്ച് നടപടിയെടുക്കാമെന്ന ഉറപ്പ് നൽകി. സാമ്പത്തിക, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും കുവൈത്തും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.