ഇറാനുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങള്‍ക്ക് ഉപരോധമില്ലെന്ന് യു.എസ്
ഇറാനുമായി വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കുന്ന രാഷ്ട്രങ്ങളെ അമേരിക്ക നിരീക്ഷിച്ചുവരികയാണെന്ന മുന്‍ പ്രഖ്യാപനത്തില്‍ നിന്നുള്ള വ്യക്തമായ പിന്നോട്ടുപോക്കാണ് പുതിയ പ്രഖ്യാപനം.
ഇറാനുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തില്ലെന്ന് അമേരിക്ക. യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതിക്ക് ശ്രമിക്കുന്ന ഇന്ത്യയടക്കമുളള രാഷ്ട്രങ്ങള്‍ക്ക് നിലപാട് ഗുണകരമാകും.
നവംബര്‍ അഞ്ചുമുതല്‍ ഇറാനെതിരായ ഉപരോധം അമേരിക്ക കടുപ്പിക്കാനിരിക്കെയാണ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ഇറാനുമേലുള്ള സമ്മര്‍ദ്ദവും ഉപരോധവും ശകത്മായി തുടരുമെങ്കിലും ആ രാജ്യവുമായി നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്ന മറ്റു രാഷ്ട്രങ്ങള്‍ക്കുമേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തില്ല.
ഇറാനുമായി വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കുന്ന രാഷ്ട്രങ്ങളെ അമേരിക്ക നിരീക്ഷിച്ചുവരികയാണെന്ന മുന്‍ പ്രഖ്യാപനത്തില്‍ നിന്നുള്ള വ്യക്തമായ പിന്നോട്ടുപോക്കാണ് പുതിയ പ്രഖ്യാപനം. അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ മുന്നോട്ടുപോയിരുന്നു. നിലപാടു മാറ്റത്തിന് ഇതും അമേരിക്കയെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.