പ്രവാചക നിന്ദ; വധശിക്ഷക്ക് വിധിച്ച സ്ത്രീയെ വെറുതെവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം അവസാനിച്ചു
പാകിസ്താനില്‍ പ്രവാചകനെ നിന്ദിച്ചെന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സ്ത്രീയെ വെറുതെവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം അവസാനിച്ചു. സര്‍ക്കാരുമായുണ്ടാക്കിയ ധാരണകളെ തുടര്‍ന്നാണ് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായത്.
പാകിസ്താനിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ തെഹ്‍രീകെ ലബ്ബൈക്ക് പാര്‍ട്ടിയടക്കമുള്ളവരാണ് രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ടിഎല്‍പിയും മറ്റ് മതസംഘടനകളും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയിലുണ്ടായ ധാരണകളെ തുടര്‍ന്ന് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഇവര്‍ തയ്യാറായി.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കുക, ആസിയ ബിബിയെ എക്സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന് ദിവസത്തെ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് സര്‍ക്കാര്‍ പ്രതിഷേധക്കാരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.