യുദ്ധമില്ലാത്ത നാട്ടിലേക്ക് അമല്‍ ഹുസൈന്‍ യാത്രയായി
വിടവാങ്ങിയത് യമനിലെ യുദ്ധഭീകരതയുടെ നേര്‍സാക്ഷ്യമായ ഏഴ് വയസ്സുകാരി
യമനിലെ യുദ്ധഭീകരതയുടെ പ്രതീകമായി മാറുകയാണ് അമല്‍ ഹുസൈന്‍ എന്ന ഏഴു വയസ്സുകാരി. അഭയാര്‍ഥി ക്യാമ്പില്‍ പട്ടിണിമൂലം എല്ലുന്തിയ ശരീരത്തിന്റെ ഫോട്ടോ ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അമല്‍ മരിച്ചു.
വടക്കന്‍ യമനിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും ന്യൂയോര്‍ക്ക് ടൈംസ് പകര്‍ത്തിയ ഈ ചിത്രം യമനിലെ യുദ്ധ യാതനകളുടെ നേര്‍സാക്ഷ്യമായിരുന്നു. ചിത്രം കണ്ട് ഹൃദയം വേദനിച്ച നിരവധി പേര്‍ സഹായ വാഗ്ദാനങ്ങളുമായി രംഗത്തുവന്നു. അപ്പോഴേക്കും അമലിന്റെ ഉമ്മ ആ യാഥാര്‍ഥ്യം പുറത്തറിയിച്ചിരുന്നു. പട്ടിണിമൂലം ആ കൊച്ചുകണ്ണുകള്‍ എന്നെന്നേക്കുമായി അടച്ചു എന്ന്. ആരോഗ്യ സ്ഥിതി മോശമായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ ആശുപത്രിയും പരാജയപ്പെടുകയായിരുന്നു.
നേരത്തെ യമന്‍- സൗദി അതിര്‍ത്തിയിലെ സാദ പ്രവിശ്യയിലായിരുന്നു നേരത്തെ അമാലിന്റെ കുടുംബം താമസിച്ചിരുന്നത്. എന്നാല്‍ സാദ പ്രവിശ്യയില്‍ സൗദി സഖ്യത്തിന്റെ വ്യോമാക്രമണം ശക്തമായതോടെയാണ് അമാലിന്റെ കുടുംബം ഇവിടെ നിന്ന് പലായനം ചെയ്യുന്നത്. പട്ടിണിയും രോഗവും കാരണം യമനില്‍ ഓരോ പത്തുമിനിറ്റിലും ഒരു കുഞ്ഞ് മരിക്കുന്നുണ്ടെന്നാണ് യുഎനിന്റെ കണക്ക്. 18 ലക്ഷം കുട്ടികള്‍ മതിയായ ആഹാരം കിട്ടാതെ നരകയാതന അനുഭവിക്കുകയാണെന്നും യുനിസെഫ് പറയുന്നു.