ഒബാമ അമേരിക്കന്‍ പ്രസിഡന്റായി ചരിത്രം രചിച്ച് പത്തുവര്‍ഷം

2009 ജനുവരി 20 ന് ഔദ്യോഗികമായി സ്ഥാനമേറ്റ ഒബാമ എട്ട് വര്‍ഷം അധികാരത്തില്‍ തുടര്‍ന്നു.

Update: 2018-11-04 04:48 GMT
Advertising

അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ നാഴികക്കല്ലായ ദിവസമാണ് 2008 നവംബര്‍ 4. ആഫ്രോ അമേരിക്കന്‍ വംശജനായ ആദ്യ അമേരിക്കന്‍ പ്രസിഡന്റായി ബറാക് ഹുസൈന്‍ ഒബാമ ചരിത്രത്തിന്റെ ഭാഗമാകുന്നത് ഇന്നേ ദിവസമാണ്.

ചരിത്രം സാക്ഷിയായിരുന്നു. നിറത്തിന്റെ പേരില്‍ നൂറ്റാണ്ടുകളോളം അവഗണന നേരിട്ട കറുത്ത വര്‍ഗക്കാരുടെ പിന്‍മുറക്കാരന്‍ അമേരിക്കയുടെ 44 ആമത് പ്രസിഡന്റായ ചരിത്ര മുഹൂര്‍ത്തം. ഒബാമ യുഗം അവിടെ തുടങ്ങുകയായിരുന്നു. 1996ല്‍ ഇല്ലിനോയിസ് സ്‌റ്റേറ്റ് സെനറ്റിലെ വിജയത്തോടെയാണ് ഒബാമയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.

Full View

ഡെമോക്രാട്ടിക് പാര്‍ട്ടി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പുകള്‍ക്കിടയിലും ജനപ്രിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഒബാമക്കായി. 2004ല്‍ ബോസ്റ്റണില്‍ ഡെമോക്രാട്ടിക് നാഷണല്‍ കണ്‍വെന്‍ഷനിലെ പ്രസംഗത്തിലൂടെ ദേശീയ ശ്രദ്ധ നേടി. 2007, ഫെബ്രുവരി 10ന് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി ഒബാമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അരിസോണയില്‍ ഏറെ കാലം സെനറ്റര്‍ ആയിരുന്ന ജോണ്‍ എസ് മക്കെയിന്‍ ആയിരുന്നു എതിരാളി.

ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രീതി അമേരിക്കയിലെ യുവാക്കളേയും കറുത്ത വര്‍ഗക്കാരെയും ഒരു പോലെ ആകര്‍ഷിക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസ് കടുത്ത സാമ്പത്തിക മാന്ദ്യം നേരിട്ടതോടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനുള്ള പദ്ധതികളില്‍ ഊന്നിയായിരുന്നു രണ്ടാം ഘട്ട പ്രചാരണം. ഒടുവില്‍ നവംബര്‍ നാലിന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഒബാമ ചരിത്രത്തിന്റെ ഭാഗമായി. ചിക്കോഗോയിലെ ഗ്രാന്‍ഡ് പാര്‍ക്കില്‍ വിജയാഹ്ലാദം പങ്കിടുമ്പോഴും അദ്ദേഹം പങ്കുവെച്ചത് അമേരിക്കയുടെ നല്ല നാളെയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.

Full View

2009 ജനുവരി 20 ന് ഔദ്യോഗികമായി സ്ഥാനമേറ്റ ഒബാമ എട്ട് വര്‍ഷം അധികാരത്തില്‍ തുടര്‍ന്നു. 2012 തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മിറ്റ് റോംനിയോടായിരുന്നു വിജയം. കുടിയേറ്റം, സാമ്പത്തികം, ആരോഗ്യം, രാജ്യസുരക്ഷ എന്നീ മേഖലകളില്‍ നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ ഒബാമക്കായി. ഇറാനുമായുള്ള ആണവ കരാറും പാരിസ് ഉടമ്പടിയും ഒബാമ ഭരണത്തിലിരിക്കുമ്പോഴാണ് ഒപ്പുവെക്കുന്നത്. 2009ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും ഒബാമക്ക് ലഭിച്ചു. 2017 ജനുവരി 20ന് ആണ് ഒബാമ വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നത്.

Tags:    

Similar News