ഇറ്റലിയില്‍ കനത്ത നാശം വിതച്ച് ശക്തമായ കാറ്റും മഴയും

നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. അപകടത്തില്‍ ഇതുവരെ 29 പേര്‍ മരിച്ചു.

Update: 2018-11-05 02:26 GMT
Advertising

ഇറ്റലിയില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴയും കാറ്റും. മലയോര പ്രദേശങ്ങളില്‍ മണ്ണിടഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. അപകടത്തില്‍ ഇതുവരെ 29 പേര്‍ മരിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴ ഇറ്റലിയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും വന്‍ നാശമാണ് വിതച്ചിരിക്കുന്നത്. ശക്തമായ കാറ്റും വെള്ളപ്പൊക്കവും നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു. മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നു. ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദ്വീപുകള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ഒട്ടനവധി വീടുകള്‍ വെള്ളത്തിനടിയിലാണ്. ‍ഞായറാഴ്ച സിസിലി ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ 9 പേര്‍ അടക്കം 12 പേര്‍ മരിച്ചു. ഇതോടെ ഒരാഴ്ചയായി തുടരുന്ന മോശം കാലാവസ്ഥയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 29 ആയി. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. സിസിലി ദ്വീപിനെയാണ് മോശം കലാവസ്ഥ കാര്യമായി ബാധിച്ചത്.

ശക്തമായ കാറ്റില്‍ ആയിരം വൃക്ഷങ്ങള്‍ കടപുഴകി. പരിസ്ഥിലോല പ്രദേശമായ ആല്‍പ്സില്‍ മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. പ്രധാന വിനോദ സാഞ്ചാര മേഖലയായ ആല്‍പ്സിന്റെ പ്രകൃതി ഭംഗിക്ക് കോട്ടം തട്ടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴും ഉള്ളത്. വെന്നീസിന്റെ ഭൂരിഭാഗ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഞായറാഴ്ച മഴക്ക് നേരിയ ശമനമുണ്ടായിരുന്നു. കാറ്റിന്റെ വേഗതയിലും നേരിയ വ്യത്യാസമുണ്ട്.

Tags:    

Similar News