‘അമേരിക്ക സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ആണവ മിസൈല്‍ നിർമിക്കും’ കിം ജോങ് ഉൻ

സിംഗപ്പൂര്‍ കൂടിക്കാഴ്ചയുടെ തുടര്‍ നടപടി എന്ന നിലയില്‍ ഉത്തര കൊറിയ പല മാറ്റങ്ങള്‍ക്കും തയ്യാറായെങ്കിലും യുഎസിന്റെ ഭാഗത്തു നിന്ന് ഇത് ഉണ്ടാകുന്നില്ലെന്നാണ് ഉത്തര കൊറിയയുടെ നിലപാട്.

Update: 2018-11-05 04:32 GMT
Advertising

ഉത്തരകൊറിയയ്ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ആണവ മിസൈലുകളുടെ നിർമാണത്തിലേക്ക് തിരികെ പോകുമെന്ന് കിം ജോങ് ഉൻ. യുഎസിന്റെ ഭാഗത്തു നിന്ന് കൃത്യമായ മറുപടിയുണ്ടായില്ലെങ്കിൽ ആയുധനിർമാണം സംബന്ധിച്ച പഴയ നയത്തിലേക്കു തിരികെപ്പോകുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും ഉത്തരകൊറിയൻ ഭരണാധികാരി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണിൽ സിംഗപ്പൂരില്‍ ഉത്തരകൊറിയന് ഭരണാധികരായി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവനിരായുധീകരണം സംബന്ധിച്ച വാക്കാലുള്ള ഉറപ്പും കിം അവിടെവച്ചു നൽകി. ഇതിന്റെ ഭാഗമായി പ്രധാന മിസൈൽ കേന്ദ്രമുൾപ്പെടെ ഉത്തരകൊറിയ അടച്ചുപൂട്ടുകയും ചെയ്തു.

ഉച്ചകോടിക്ക് ശേഷം കൊറിയൻ ദ്വീപില്‍ സമാധാനം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനമാണ് കിം നടത്തിയത്. ആണവ നിലയങ്ങള്‍ക്ക് പകരം രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനമാണ് ലക്ഷ്യം എന്നായിരുന്നു കിമ്മിന്റെ പ്രസ്താവന.

എന്നാൽ ഈ തീരുമാനം മാറ്റി വീണ്ടും പഴയ കാലത്തേക്കു തിരിച്ചു പോകുമെന്നാണ് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയത്തിന്റേതായി കെ.സി.എൻ.എ വാർത്താ ഏജൻസി പുറത്ത് വിടുന്ന റിപ്പോര്‍ട്ട്. പൂർണമായ ആണവനിരായുധീകരണത്തിനു ശേഷം മാത്രമേ ഉത്തര കൊറിയക്ക് മേലുള്ള സാമ്പത്തിക ഉപരോധം മാറ്റുന്നതിനെപ്പറ്റി ആലോചിക്കാനാകൂ എന്ന ട്രംപിന്റെ നയമാണ് ഉത്തര കൊറിയയെ നിലപാട് മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.

സിംഗപ്പൂര്‍ കൂടിക്കാഴ്ചയുടെ തുടര്‍ നടപടി എന്ന നിലയില്‍ ഉത്തര കൊറിയ പല മാറ്റങ്ങള്‍ക്കും തയ്യാറായെങ്കിലും യുഎസിന്റെ ഭാഗത്തു നിന്ന് ഇത് ഉണ്ടാകുന്നില്ലെന്നാണ് ഉത്തര കൊറിയയുടെ നിലപാട്. ഉപരോധ വിഷയത്തിൽ യു.എസ് 'ഇരട്ട ഗെയിം' കളിക്കുകയാണെന്നാണ് വിമർശനം. സിംഗപ്പൂരിൽ വച്ചുണ്ടായ കരാർ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചാൽ മാത്രമേ ഉപരോധം നീക്കുന്നത് സംബന്ധിച്ച് ആലോചിക്കൂ എന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയത്.

അതിനിടെ ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ കാനല്‍ ഉത്തരകൊറിയ സന്ദര്‍ശിച്ചതും അമേരിക്ക സംശയത്തോടെയാണ് കാണുന്നത്. ക്യൂബയ്ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ യു.എസ് ഏർപ്പെടുത്തിയതും ഉത്തര കൊറിയയെ ചൊടിപ്പിക്കുന്നുണ്ട്.

Tags:    

Similar News