ഒക്ടോബര്‍ വിപ്ലവം നടന്നിട്ട് 101 വര്‍ഷം 

ലോകത്തെ പിടിച്ചു കുലുക്കിയ വിപ്ലവമായിരുന്നു ഒക്ടോബര്‍ വിപ്ലവം. റഷ്യന്‍ വിപ്ലവത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവമായിരുന്നു ഒക്ടോബര്‍ വിപ്ലവം.

Update: 2018-11-07 02:45 GMT
Advertising

ഇരുപതാം നൂറ്റാണ്ടിന് സംഭവബഹുലമായ രാഷ്ട്രീയ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് റഷ്യയിലെ ഒക്ടോബര്‍ വിപ്ലവം. നവംബര്‍ ഏഴിന് നടന്ന വിപ്ലവം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 25 നായതിനാലാണ് ഒക്ടോബര്‍ വിപ്ലവം എന്നറിയപ്പെട്ടത്. റഷ്യന്‍ വിപ്ലവത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവമായിരുന്നു ഒക്ടോബര്‍ വിപ്ലവം. ലോകത്തെ കമ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ക്ക് പ്രചോദനമായി മാറിയ ഒക്ടോബര്‍ വിപ്ലവം നടന്നിട്ട് ഇന്ന് 101 വര്‍ഷം പൂര്‍ത്തിയാവുന്നു.

ലോകത്തെ പിടിച്ച് കുലുക്കിയ പത്ത് ദിവസങ്ങള്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഒക്ടോബര്‍ വിപ്ലവത്തെ കുറിച്ച് എഴുതിയ പുസ്തകത്തിന്‍റെ പേരാണിത്. അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ പിടിച്ചു കുലുക്കിയ വിപ്ലവമായിരുന്നു ഒക്ടോബര്‍ വിപ്ലവം. അലക്സാണ്ടര്‍ കെറന്‍സ്കിയുടെ നേതൃത്വത്തിലുണ്ടായിരുന്ന താല്‍കാലിക ഗവണ്‍മെന്റില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ 1917ല്‍ നടത്തിയ വിപ്ലവമാണിത്. റഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ് രണ്ടാമനെ പുറത്താക്കിയ ശേഷം അധികാരത്തിലെത്തിയതായിരുന്നു കെറന്‍സ്കി സര്‍ക്കാര്‍. ഒരു ബൂര്‍ഷ്വാ ഭരണകൂടമായിരുന്ന കെറന്‍സ്കിയുടെ സര്‍ക്കാരിനെ മെന്‍ഷെവിക്കുകള്‍ ഉപാധികളോടെ പിന്തുണച്ചിരുന്നു.

റഷ്യന്‍ വിപ്ലവത്തിന്‍റെ രണ്ടാംഘട്ടമായിരുന്നു ഒക്ടോബര്‍ വിപ്ലവം. അതേ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ജനകീയ വിപ്ലവത്തിലൂടെ സാര്‍ ഭരണകൂടം താഴെയിറങ്ങി ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു. ഈ സര്‍ക്കാരിന് സമാന്തരമായി പെട്രോഗ്രാഡ് സോവിയറ്റ് എന്ന പേരില്‍ തൊഴിലാളികളുടെയും സൈനികരുടെയും മറ്റൊരു കൌണ്‍സിലും രൂപം കൊണ്ടു. ഇടക്കാല സര്‍ക്കാര്‍ സാര്‍ ഭരണകൂടത്തിന്റെ അവശിഷ്ടമായിരുന്നു. അധികാരം ഇടക്കാല സര്‍ക്കാരിലും സോവിയറ്റുകളിലുമായി വിഭജിക്കപ്പെട്ടതോടെ ഭിന്നതകള്‍ രൂക്ഷമായി. സൈനികരും തൊഴിലാളികളും അസംതൃപ്തരായിരുന്നു. ഇത് ബോള്‍ഷെവിക്കുകള്‍ക്ക് വലിയ ജനപിന്തുണയുണ്ടാക്കി. രാജ്യത്തെമ്പാടും പ്രതിഷേധം അലയടിച്ചു. നവംബര്‍ 5ന് ലെനിന്‍ ബോള്‍ഷെവിക് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ സായുധ വിപ്ലവം ഒഴിവാക്കാനാവാത്തതാണെന്ന് വാദിച്ചു. രണ്ടിനെതിരെ പത്ത് വോട്ടുകള്‍ക്ക് പ്രമേയം പാസായി. സായുധരായ ബോള്‍ഷെവിക്കുകള്‍ പിന്നീട് സെന്റ് പീറ്റേഴ്സ്ബര്‍ഗ് എന്നും ലെനിന്റെ മരണശേഷം ലെനിന്‍ഗ്രാഡ് എന്നുമറിയപ്പെട്ട റഷ്യയുടെ തലസ്ഥാനമായ പെട്രോഗാഡ് പിടിച്ചെടുത്തു. കെറന്‍സ്കി ഭരണകൂടത്തിന്‍റെ ചെറുത്തു നില്‍പ് ദുര്‍ബലമായിരുന്നു. ഒക്ടോബര്‍ വിപ്ലത്തിലൂടെ ബോള്‍ഷെവിക്കുകള്‍ അധികാരത്തിലെത്തിയെങ്കിലും പിന്നീട് റഷ്യ ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതി വീണു. ബോള്‍ഷെവിക്കുകള്‍ രൂപീകിച്ച റെഡ് ആര്‍മിയും വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുള്ള ബോള്‍ഷെവിക്ക് വിരുദ്ധരും ചേര്‍ന്ന് രൂപീകരിച്ച വൈറ്റ് ആര്‍മിയും തമ്മിലായിരുന്നു ആഭ്യന്തര യുദ്ധം. യുദ്ധത്തില്‍ റഷ്യ, യുക്രൈന്‍, ബെലാറൂസ്, തെക്കന്‍ കൊക്കേഷ്യ , മംഗോളിയ എന്നിവിടങ്ങള്‍ കീഴടക്കിയ ബോള്‍ഷെവിക്കുകള്‍ സോവിയറ്റ് യൂനിയന്‍ സ്ഥാപിച്ചു. സോവിയറ്റ് യൂനിയന്റെ സ്ഥാപനത്തിന് മാത്രമല്ല, ലോകത്ത് പിന്നീട് നടന്ന കമ്യൂണിസ്റ്റ് വിപ്ലവങ്ങളെയൊന്നാകെ ഒക്ടോബര്‍ വിപ്ലവം സ്വാധീനിച്ചു. ലോകത്തെ വ്യത്യസ്ത രാജ്യങ്ങളില്‍ കമ്യൂണിസം വിപ്ലവാശയമായി പടര്‍ന്ന് പിടിക്കാന്‍ കാരണമായത് ഒക്ടോബര്‍ വിപ്ലവമാണ്. അത് വരെ സൈദ്ധാന്തികമായി മാത്രം ലോകത്ത് വ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് ആശയങ്ങളുടെ വിപ്ലവശേഷിയെ കുറിച്ചിട്ടതാണ് ചരിത്രത്തില്‍ ഒക്ടോബര്‍ വിപ്ലവത്തെ സവിശേഷമാക്കി നിര്‍ത്തുന്നത്.

Tags:    

Similar News