സോമാലിയയില്‍ ചാവേര്‍ സ്ഫോടനങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടു
സോമാലിയയുടെ തലസ്ഥാനമായി മൊഗാദിഷുവിലുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനും പ്രസിദ്ധമായ സഹാഫി ഹോട്ടലിനും സമീപമായിരുന്നു ചാവേര്‍ സ്ഫോടനം.
സോമാലിയയില്‍ ചാവേര്‍ സ്ഫോടനങ്ങളില്‍ പതിനേഴ് പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാദിഷുവിലാണ് സ്ഫോടനമുണ്ടായത്. ശക്തമായ വെടിവെപ്പിന്ശേഷമായിരുന്നു ചാവേര്‍ സ്ഫോടനങ്ങൾ. രണ്ട് കാറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സോമാലിയയുടെ തലസ്ഥാനമായി മൊഗാദിഷുവിലുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനും പ്രസിദ്ധമായ സഹാഫി ഹോട്ടലിനും സമീപമായിരുന്നു ചാവേര്‍ സ്ഫോടനം.
സ്ഫോടനത്തിന് ശേഷം ഹോട്ടലിനെ സുരക്ഷാ ഉദ്യോഗസ്ഥരും സി.ഐ.ഡി ഉദ്യോഗസ്ഥരും വെടിയുതിര്‍ത്തു. അതുകഴിഞ്ഞ് 20 മിനിറ്റിന് ശേഷം വീണ്ടും സ്ഫോടനമുണ്ടായതായി ദൃക്സാക്ഷികള്‍ പറയുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് ഇരുപതോളം മൃതദേഹങ്ങള്‍ കണ്ടതായും മിനി ബസ്, മോട്ടോര്‍ സൈക്കിളുകള്‍, കാറുകള്‍ എന്നിവ ചിതറിക്കിടക്കുന്നത് കണ്ടതായും വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സിന്റെ ഫോട്ടോഗ്രാഫര്‍ പറയുന്നു. സിഐഡി ഓഫീസിന് നേരെ എതിര്‍വശത്തുള്ള സഹാഫി ഹോട്ടലായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് മുഹമ്മദ് ഹുസൈന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.