റോഹിങ്ക്യകളെ തിരിച്ചെത്തിക്കാന്‍ സന്നദ്ധമാണെന്നാവര്‍ത്തിച്ച് മ്യാന്മര്‍

റോഹിങ്ക്യകള്‍ തിരിച്ച് നാട്ടിലെത്തിയാല്‍ വേട്ടയാടപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു യു.എന്‍ പ്രതിനിധിയുടെ മുന്നറിയിപ്പ്.

Update: 2018-11-12 02:33 GMT
Advertising

കലാപത്തെ തുടര്‍ന്ന് നാടുവിട്ട റോഹിങ്ക്യകളെ തിരിച്ചെത്തിക്കാന്‍ സന്നദ്ധമാണെന്നാവര്‍ത്തിച്ച് മ്യാന്മര്‍ ഭരണകൂടം. അഭയാര്‍ഥികളെ മടക്കി അയക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്ന് മ്യാന്മര്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

മ്യാന്മര്‍ ആഭ്യന്തര സഹമന്ത്രി ആങ്തൂവാണ് റോഹിങ്ക്യകളെ തിരികെയെത്തിക്കാന്‍ സന്നദ്ധമാണെന്ന് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചത്. അതേ സമയം റോഹിങ്ക്യകള്‍ക്കിടയിലെ തീവ്രവാദികളെ നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.

കലാപം രൂക്ഷമായ റാഖൈന്‍ പ്രവിശ്യയില്‍ നിന്നും പലായനം ചെയ്ത റോഹിങ്ക്യകള്‍ തിരികെ സ്വദേശത്തേക്ക് പോകില്ലെന്ന നിലപാടിലാണ്. തങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ പരാജയമാണെന്ന നിലപാടിലാണ് അഭയാര്‍ഥികള്‍ ഇപ്പോഴും. റോഹിങ്ക്യകളെ മ്യാന്‍മറിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ പ്രതിനിധി യാങീ ലീയും നേരത്തെ പറഞ്ഞിരുന്നു. റോഹിങ്ക്യകള്‍ തിരിച്ച് നാട്ടിലെത്തിയാല്‍ വേട്ടയാടപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു യു.എന്‍ പ്രതിനിധിയുടെ മുന്നറിയിപ്പ്.

കലാപം തുടങ്ങി ഇതുവരെ ഏഴു ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് മ്യാന്‍മര്‍ അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശിലേക്ക് എത്തിയത്. ഇപ്പോഴും അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികള്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ അഭയാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ ധാരണയായത്. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടാക്കിയത്. നവംബര്‍ 15നകം നടപടി തുടങ്ങുമെന്നായിരുന്നു ധാരണ.

Tags:    

Similar News