ഗസയില്‍ ഇസ്രാഈല്‍ ആക്രമണം രൂക്ഷമായി തുടരുന്നു 

ഞായറാഴ്ചയാണ് ഗസയിലെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിന് സമീപം ഇസ്രാഈല്‍ സേനാംഗങ്ങൾ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്.

Update: 2018-11-13 16:07 GMT
Advertising

ഗസയില്‍ ഇസ്രാഈല്‍ ആക്രമണം രൂക്ഷമായി തുടരുന്നു. ഇന്ന് അ‍ഞ്ച് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പ്രത്യാക്രമണത്തില്‍ രണ്ട് ഇസ്രാഈല്‍ പൗരന്മാരും കൊല്ലപ്പെട്ടു. അതേസമയം പ്രത്യാക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഹമാസ് അറിയിച്ചു. ഗസയില്‍ നുഴഞ്ഞു കയറി നടത്തിയ ആക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പാണ് വീണ്ടും ഇസ്രാഈലിന്റെ വ്യോമാക്രമണം. ഒപ്പം ജനവാസ മേഖലകളിലടക്കം ശക്തമായ ഷെല്ലാക്രമണവും ഇസ്രാഈല്‍ നടത്തുന്നുണ്ട്. ഞായറാഴ്ചയാണ് ഗസയിലെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിന് സമീപം ഇസ്രാഈല്‍ സേനാംഗങ്ങൾ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ ഹമാസ് നേതാവും സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ കമാന്‍ഡറുമായ നൂര്‍ ബറകയും മറ്റൊരു കമാന്‍ഡറും കൊല്ലപ്പെട്ടിരുന്നു. ഖസ്സാം ബ്രിഗേഡിന്റെ തിരിച്ചടിയില്‍ ഒരു ഇസ്രാഈല്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഇതിന് ശേഷം ഇസ്രാഈല്‍ ആരംഭിച്ച വ്യോമാക്രമണത്തിലാണ് അ‍ഞ്ച് ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടത്. ജനവാസകേന്ദ്രങ്ങളെയാണ് ഇസ്രാഈല്‍ ലക്ഷ്യമിടുന്നത്. ആക്രമണത്തില്‍ ഹമാസ് നിയന്ത്രണത്തിലുള്ള അല്‍ അഖ്സ ടെലിവിഷന്റെ ആസ്ഥാനമന്ദിരവും തകര്‍ന്നു. ഇസ്രാഈല്‍ നഗരങ്ങളായ അഷ്ദോദും ബീര്‍ഷെബയുമാണ് ഹമാസ് ലക്ഷ്യമിടുന്നത്.

ഗസക്ക് സമീപം ജബലിയയില്‍ ഒരു ഇസ്രാഈല്‍ സൈനിക ബസ് പൊട്ടിത്തെറിക്കുന്ന വീഡിയോ അല്‍ അഖ്സ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇത് ഇസ്രാഈലിനുളള ശക്തമായ മുന്നറിയിപ്പാണെന്ന് ഫലസ്തീന്‍ പറയുന്നു. അല്‍അഖ്സ ടെലിവിഷന്റെ ആസ്ഥാന മന്ദിരം തകര്‍ത്തതിന് പിന്നാലെയാണ് ഹമാസ് പ്രത്യാക്രമണം ശക്തമാക്കിയത്. ഹമാസിന്റെ തിരിച്ചടിയില്‍ ഒരു സൈനികനുള്‍പ്പെടെ രണ്ട പേര്‍ മരിച്ചിരുന്നു. ഇസ്രാഈല്‍ ആക്രമണം തുടരുകയാണെങ്കില്‍ അഷ്ദോദ്, ബീര്‍ഷെബ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2008ന് ശേഷം ഇസ്രാഈല്‍ മൂന്ന് തവണ ഗസ്സക്കെതിരെ യുദ്ധം നടത്തിയിട്ടുണ്ട്. അതേസമയം 2014ന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ രൂക്ഷമായ ആക്രമണം നടക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇസ്രാഈലിന്റെ പ്രകോപനപരമായ നീക്കങ്ങള്‍ ഇപ്പോഴും തുടരുന്നത് മേഖലയെ അസ്വസ്ഥമാക്കുന്നുണ്ട്. എന്നാല്‍ അധിനിവേശ ഭൂമി തിരിച്ചു പിടിക്കാന്‍ മാര്‍ച്ച് മുപ്പതിന് ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ 227 ഫലസ്തീനികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

Tags:    

Similar News