രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ശ്രീലങ്കന്‍ പാര്‍ലമെന്റ് ഇന്ന് ചേര്‍ന്നേക്കും

പാര്‍ലമെന്റ് പിരിച്ചുവിടുന്നത് റദ്ദാക്കിയ സുപ്രീംകോടതിയുടെ പശ്ചാത്തലത്തില്‍ ഇന്ന് പാര്‍ലമെന്റ് ചേരുമെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2018-11-14 01:59 GMT
Advertising

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ശ്രീലങ്കന്‍ പാര്‍ലമെന്റ് ഇന്ന് ചേര്‍ന്നേക്കും. പാര്‍ലമെന്റില്‍ കരുത്തുകാട്ടാനൊരുങ്ങുകയാണ് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. പാര്‍ലമെന്‍റ് പിരിച്ച് വിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിടുന്നത് റദ്ദാക്കിയ സുപ്രീംകോടതിയുടെ പശ്ചാത്തലത്തില്‍ ഇന്ന് പാര്‍ലമെന്റ് ചേരുമെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുണ്ടായത്.

പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി, പ്രധാന പ്രതിപക്ഷമായ തമിഴ് നാഷനൽ അലയൻസ്, ജനത വിമുക്തി പെരുമുന തുടങ്ങിയ കക്ഷികൾ അടക്കം 10 സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. സായുധ പൊലീസും കമാന്‍ഡോകളുമടക്കം ഏര്‍പ്പെടുത്തിയ വന്‍ സുരക്ഷാവലയത്തിലാണ് കോടതി വിധി പറഞ്ഞത്. പ്രസിഡന്റിന്റെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന ആവശ്യം. ഭരണഘടനയുടെ 19-ആം ഭേദഗതിപ്രകാരം, നാലര വർഷത്തിനു മുമ്പ് സഭ പിരിച്ചുവിടാൻ പ്രസിഡന്റിന് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം.

ഇതംഗീകരിച്ച കോടതി പാര്‍ലമെന്‍റ് പിരിച്ചുവിട്ടുള്ള തീരുമാനം സ്റ്റേ ചെയ്തു. ജനുവരി 5 ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പും റദ്ദാക്കുകയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇലക്ഷന്‍ കമ്മീഷന് നിര്‍ദേശം നല്‍കുകയും ചെയ്തു . ഡിസംബര്‍ 7 നായിരിക്കും കോടതി അന്തിമ വിധി പുറപ്പെടുവിക്കുക. കോടതി കൂട്ടായ്മയുടെ വിജയമാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.

20മാസം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് കഴിഞ്ഞ 9ന് പാര്‍ലമെന്‍റ് പിരിച്ചു വിട്ട് ജനുവരി 5ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സുപ്രിംകോടതിയുടെ പുതിയ തീരുമാനത്തോടെ 225 സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. 113 പേരെടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Tags:    

Similar News