റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്കെതിരായ അതിക്രമം നീതീകരിക്കാനാവില്ലെന്ന് അമേരിക്ക
സിംഗപ്പൂരില്‍ മ്യാന്‍മര്‍ നേതാവ് ഓങ്സാന്‍ സൂചിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മുന്‍പാണ് പെന്‍സ് യു.എസ് നിലപാട് വ്യക്തമാക്കിയത്.
മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്കെതിരായ അതിക്രമം നീതീകരിക്കാനാവാത്തതാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. സിംഗപ്പൂരില്‍ മ്യാന്‍മര്‍ നേതാവ് ഓങ്സാന്‍ സൂചിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മുന്‍പാണ് പെന്‍സ് യു.എസ് നിലപാട് വ്യക്തമാക്കിയത്.
ഏഴ് ലക്ഷം റോഹിങ്ക്യകളെ അതിക്രൂരമായി വേട്ടയാടിയ മ്യാന്‍മര്‍ പട്ടാളത്തിന്റെ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് പെന്‍സ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പെന്‍സ് ആവശ്യപ്പെട്ടു. സിംഗപ്പൂരില്‍ ഏഷ്യ - പസഫിക് രാജ്യങ്ങളുടെ ഉച്ചകോടിക്കിടെയായിരുന്നു പെന്‍സിന്റെ പ്രതികരണം. എന്നാല്‍ ഈ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെന്ന് ഓങ്സാന്‍ സൂചി പറഞ്ഞു.
കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദും സൂചിയുടെ നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ രാഖൈനില്‍ സൈന്യത്തിന്റെയും തീവ്ര ബുദ്ധിസ്റ്റ് വിഭാഗങ്ങളുടെയും അതിക്രമത്തെ തുടര്‍ന്ന് ഏഴു ലക്ഷത്തിലേറെ പേരാണ് അഭയാര്‍ഥികളാക്കപ്പെട്ടത്. സംഭവത്തില്‍ സൈന്യത്തിന് അനുകൂലമായ നിലപാടെടുത്തതിനാണ് സൂചി വിമര്‍ശിക്കപ്പെട്ടത്.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സൂചിക്ക് നല്‍കിയിരുന്ന പരമോന്നത പുരസ്കാരം കഴിഞ്ഞ ദിവസം തിരിച്ചെടുത്തിരുന്നു.