ഇന്ധന നികുതി വര്‍ധന: ഫ്രഞ്ച് സര്‍ക്കാര്‍ പ്രതിഷേധം തണുപ്പിച്ചതിങ്ങനെ..
താഴ്ന്ന വരുമാനക്കാരായ മോട്ടോര്‍ വാഹന ഉടമകള്‍ക്കായി 500 മില്യണ്‍ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ഫ്രാന്‍സില്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചതിനെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ആശ്വാസ നടപടി. താഴ്ന്ന വരുമാനക്കാരായ മോട്ടോര്‍ വാഹന ഉടമകള്‍ക്കായി 500 മില്യണ്‍ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
പഴയ വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങളെടുത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് ഇപ്പോള്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 2000 യൂറോ ആണ് ഇവര്‍ക്ക് ബോണസ്‍ ആയി സര്‍ക്കാര്‍ നല്‍കുന്നത്. ഇത് 4000 യൂറോ ആയി കൂട്ടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ധനവില വര്‍ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആശ്വാസ നടപടിയുമായി പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പീ രംഗത്തെത്തിയിരിക്കുന്നത്. നവംബര്‍ 17ന് റോഡ് തടഞ്ഞ് സമരം നടത്താനും ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഇത് തടയുക എന്നത് കൂടിയാണ് പ്രധാനമന്ത്രിയുടെ സഹായ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.
പ്രതിഷേധങ്ങളോട് സര്‍ക്കാരിന് അസഹിഷ്ണുതയില്ല. എന്നാല്‍ നിയമവിരുദ്ധമായ തരത്തില്‍ സമരം ചെയ്താല്‍ അതിനെ പൊലീസിനെ ഉപയോഗിച്ച് നേരിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.