ഖശോഗി വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്‍
രഹസ്യാന്വേഷണ വിഭാഗം ഉപമേധാവിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയത്.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയെ കൊന്ന് കഷ്ണങ്ങളാക്കിയ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്‍. പ്രതികള്‍ ഖശോഗിയെ മരുന്ന് കുത്തിവെച്ചാണ് കൊന്നത്. മൃതദേഹത്തിന്റെ കഷ്ണങ്ങള്‍ കൊണ്ടുപോയ ഏജന്റിന്റെ രേഖാചിത്രം തുര്‍ക്കിക്ക് കൈമാറിയെന്നും സൗദി അറ്റോണി ജനറല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സൗദി അറേബ്യയുടെ അറ്റോണി ജനറല്‍ സഊദ് അല്‍ മുജീബ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒക്ടോബര്‍ രണ്ടിനാണ് സൗദി പൗരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖശോഗിയെ തുര്‍ക്കിയിലെ സദി കോണ്‍സുലേറ്റില്‍ വെച്ച് കൊന്നത്. കസ്റ്റഡിയിലുണ്ടായിരുന്ന 18 പേരില്‍ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ച് പേര്‍ക്ക് വധശിക്ഷക്ക് റോയല്‍ കോര്‍ട്ടിനോട് ആവശ്യപ്പെട്ടു.
സൗദി വിമര്‍ശകനായ ഖശോഗിയെ രാജ്യത്തെത്തിക്കാനായിരുന്നു രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉപമേധാവിയുടെ നിര്‍ദേശം. വിസമ്മതിച്ചതോടെ മരുന്ന് കുത്തിവെച്ചു. കൊന്നതിന് ശേഷം ഖശോഗിയെ കഷ്ണങ്ങളാക്കി പ്രാദേശിക ഏജന്റിനെ ഏല്‍പ്പിച്ചു. ഏജന്റിന്റെ രേഖാചിത്രം തുര്‍ക്കിക്ക് കൈമാറിയെന്നും അറ്റോണി ജനറല്‍ അറിയിച്ചു. മൃതദേഹത്തിനായി തിരച്ചില്‍ തുടരും. വാഷിംങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ജമാല്‍ ഖശോഗിയുടെ തിരോധാനം വലിയ തോതില്‍ വിവാദമായിരുന്നു.