വെന്തെരിഞ്ഞ് കാലിഫോര്‍ണിയ; കാട്ടുതീയില്‍ മരിച്ചവരുടെ സംഖ്യ 70 കടന്നു, 1000 പേരെ കാണാനില്ല
അമേരിക്കയിലെ കാലിഫോര്‍ണിയയെ വിഴുങ്ങിയ കാട്ടുതീയില്‍ വെള്ളിയാഴച വരെ 71 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ആയിരത്തിലേറെ പേരെ കാണാതായതായും മരണസംഖ്യ ഇനിയും ഉയരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കത്തിപ്പടര്‍ന്ന കാട്ടുതീയില്‍ വീട് നഷ്ടപ്പെട്ടവരെ വിവിധ ക്യാമ്പുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തില്‍ പാരഡൈസ് നഗരം മുഴുവന്‍ കത്തിച്ചാമ്പലായി. വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണക്കാനായെന്നും ഇതുവരെ 142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ കത്തിപ്പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു. വീടുകളുള്‍പ്പെടെ 12,000ത്തോളം കെട്ടിടങ്ങള്‍ തീയില്‍ പൂര്‍ണമായും കത്തിച്ചാമ്പലായി.
തീപിടിത്തത്തില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഭൂരിഭാഗവും തകര്‍ന്ന നിലയിലാണുള്ളത്. ദുരിത ബാധിതരുമായി ബന്ധപ്പെടാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്.