ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടു

സിരിസേന വിക്രമസിംഗെയ്ക്കു പകരം രാജപക്‌സെയെ പ്രധാനമന്ത്രിയാക്കിയതോടെയാണു ശ്രിലങ്കയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

Update: 2018-11-19 02:28 GMT
Advertising

ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വിളിച്ച സര്‍വകക്ഷി യോഗം പരാജയപ്പെട്ടു. റനില്‍ വിക്രമസിംഗെയെ മാറ്റി പകരം മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് അയവുണ്ടായിട്ടില്ല.

മഹിന്ദ രജപക്‌സയെ പ്രധാനമന്ത്രിയായി നിയമിച്ച നടപടി ചോദ്യം ചെയ്ത് വിക്രമസിംഗ യോഗത്തില്‍ നിലപാടെടുത്തു. പ്രശ്‌നങ്ങളുണ്ടാക്കിയത് സിരിസേനയാണെന്നും അദ്ദേഹം തന്നെ പരിഹരിച്ചാല്‍ മതിയെന്നും ചൂണ്ടിക്കാട്ടി പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട്, ജെ.വി.പി ഈ യോഗം ബഹിഷ്‌കരിച്ചു. സ്പീക്കര്‍ കരു ജയസൂര്യയും യോഗത്തില്‍ പങ്കെടുത്തില്ല.

സിരിസേന വിക്രമസിംഗെയ്ക്കു പകരം രാജപക്‌സെയെ പ്രധാനമന്ത്രിയാക്കിയതോടെയാണു ശ്രിലങ്കയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന്, കാലാവധി അവസാനിക്കാന്‍ 20 മാസം ബാക്കി നില്‍ക്കെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. സുപ്രീംകോടതി ഇതു സ്‌റ്റേ ചെയ്തു. ഇതിനിടെ, പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തില്‍ രാജപക്‌സെ തോറ്റു.

പുറത്താക്കപ്പെട്ട വിക്രമസിംഗെ ഇതുവരെ തീരുമാനം അംഗീകരിച്ചിട്ടില്ല. രാജപക്‌സെ പുറത്തായ സാഹചര്യത്തില്‍ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ചുമതലയേല്‍ക്കേണ്ടതുണ്ട്. റനില്‍ വിക്രമസിംഗയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ സിരിസേന തയാറല്ല.

Tags:    

Similar News