ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ട്രംപ്; പ്രസ്താവനക്കെതിരെ പാക് മന്ത്രാലയം

തിരികെ യാതൊന്നും നൽകാതെ യുഎസിന്റെ സഹായം മാത്രം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണു പാക്കിസ്ഥാന്‍ എന്നായിരുന്നു ട്രംപ് പറഞ്ഞത്. ‘വിഡ്ഢികൾ’ എന്ന് ട്വീറ്റിൽ പാക്കിസ്ഥാനെ..

Update: 2018-11-21 03:03 GMT
Advertising

ഭീകരവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസ് സഹായം വാങ്ങുന്ന പാകിസ്ഥാനെ വിഡ്ഢികള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകും ചെയ്തു ട്രംപ്. ട്രംപിന്റെ പ്രസ്താവനക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും രംഗത്തെത്തി.

തിരികെ യാതൊന്നും നൽകാതെ യുഎസിന്റെ സഹായം മാത്രം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണു പാക്കിസ്ഥാന്‍ എന്നായിരുന്നു ട്രംപ് പറഞ്ഞത്. 'വിഡ്ഢികൾ' എന്ന് ട്വീറ്റിൽ പാക്കിസ്ഥാനെ സംബോധന ചെയ്തതും പ്രതിഷേധത്തിന് കാരണമായി. യു.എസ് നയതന്ത്ര പ്രതിനിധി പോൾ ജോൺസിനെയാണ് പാക് വിദേശകാര്യ സെക്രട്ടറി പ്രതിഷേധം അറിയിച്ചത്. ട്രംപിന്റേത് ന്യായീകരിക്കാനാകാത്തതും അവ്യക്തവുമായ ആരോപണങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയം പിന്നീടു പ്രസ്താവനയിലും വ്യക്തമാക്കി. ഇതോടെ യുഎസ്-പാക് ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്.

2011ൽ ബിൻ ലാദനെ യു.എസ് വകവരുത്തുന്നതിനു മുമ്പ് തന്നെ ലാദന്റെ ഒളിയിടത്തെപ്പറ്റി പാക് ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നു. കോടിക്കണക്കിനു ഡോളർ നൽകിയിട്ടും അവർ ലാദനെപ്പറ്റി ഒരു വിവരവും പങ്കുവച്ചില്ലെന്നും ട്രംപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

എന്നാൽ ബിൻലാദൻ എവിടെയാണെന്നതു സംബന്ധിച്ച ആദ്യ സൂചനകൾ നൽകിയത് പാക് ഇന്റലിജൻസാണെന്നു വിദേശകാര്യ മന്ത്രാലയം മറുപടി നൽകി. പാകിസ്ഥാനെപ്പറ്റി വായിൽത്തോന്നിയതു വിളിച്ചു പറയുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പാക്കിസ്ഥാനുള്ള എല്ലാ സഹായവും അവസാനിപ്പിക്കുകയാണെന്ന സൂചനയും ട്രംപ് ട്വീറ്റിൽ നൽകിയിരുന്നു.

Tags:    

Similar News