പോഷകാഹാരക്കുറവ്; യമനില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ മരിച്ചത് 85,000 കുട്ടികള്‍

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. പോഷകാഹാര കുറവ് മൂലം നിരവധി കുട്ടികളാണ് ഇപ്പോഴും യമനില്‍ ഉള്ളത്.

Update: 2018-11-21 02:36 GMT
Advertising

പോഷകാഹാര കുറവ് മൂലം യമനില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് 85,000 കുട്ടികള്‍. അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് മരിച്ചതെന്ന റിപ്പോര്‍ട്ട് ഏറെ ഞെട്ടിക്കുന്നതാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം യമന്‍ ജനതയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. സൌദി സഖ്യസേന ഹൂതികള്‍ക്കെതിരെ നടത്തുന്ന പോരാട്ടം യമനെ പൂര്‍ണമായും തകര്‍ത്തുകളഞ്ഞു. യു.എന്‍ കണക്കുകള്‍ പ്രകാരം, 2015 മുതല്‍ 6800 പേരാണ് കൊല്ലപ്പെട്ടത്. പതിനായിരത്തിലധം ആളുകള്‍ക്ക് പരിക്കേറ്റു. സൌദി സഖ്യസേന നടത്തിയ കനത്ത ആക്രമണവും ഉപരോധവും മൂലം 22 ദശലക്ഷം ആളുകള്‍ക്ക് അടിയന്തര മാനുഷിക സഹായം വേണ്ടിവന്നു.

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യക്ഷാമത്തിലേക്കാണ് യുദ്ധം യമനെ തള്ളിവിട്ടത്. കൂടാതെ 1.2 ദശലക്ഷം ആളുകള്‍ക്ക് കോളറ പിടിപെട്ടു. ഈ ദുരിതക്കയങ്ങള്‍ക്കിടെ വന്നിരിക്കുന്ന ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് ലോകത്തെയാകെ ഞെട്ടിക്കുന്നതാണ്. ഭാവിയുടെ കരുത്താകേണ്ട 85000 കുഞ്ഞുങ്ങളാണ് പോഷകാഹാര കുറവ് മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്നത്. അതും അഞ്ച് വയസിന് താഴെ മാത്രം പ്രായമുള്ളവര്‍.

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. പോഷകാഹാര കുറവ് മൂലം നിരവധി കുട്ടികളാണ് ഇപ്പോഴും യമനില്‍ ഉള്ളത്. യുദ്ധം മൂലം ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചതും കറന്‍സിയുടെ മൂല്യം ഇടിഞ്ഞതും ഭക്ഷ്യ അസ്ഥിരതക്ക് കാരണമായി. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച ആരംഭിക്കുന്ന സമാധാന ചര്‍ച്ചകളില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് യമന്‍ ജനത.

Tags:    

Similar News