ആസ്ത്രേലിയയില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം മുസ്‌ലിം നേതാക്കള്‍ ബഹിഷ്ക്കരിച്ചു

രാജ്യത്തെ വിവിധ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മുസ്‌ലിം സമൂഹത്തെ മൊത്തത്തില്‍ കുറ്റക്കാരായി ചിത്രീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം

Update: 2018-11-22 03:28 GMT
Advertising

ആസ്ത്രേലിയയില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം മുസ്‌ലിം നേതാക്കള്‍ ബഹിഷ്ക്കരിച്ചു. രാജ്യത്ത് നടക്കുന്ന വിവിധ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മുസ്‌ലിം സമൂഹത്തെ മൊത്തത്തില്‍ കുറ്റക്കാരായി ചിത്രീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

മെല്‍ബണില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഓസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ രാജ്യത്തെ മുസ്‌ലിം നേതാക്കളുടെ വട്ടമേശ സമ്മേളനം വിളിച്ചത്.

ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദ ആക്രമണങ്ങളെ തടയാന്‍ മുസ്‌ലിം സമൂഹത്തിലെ നേതാക്കള്‍ക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മോറിസണ്‍ യോഗം വിളിച്ചത്. എന്നാല്‍ മുസ്‌ലിം നേതാക്കളെ യോഗത്തിന് ക്ഷണിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ കത്ത് ആസ്ത്രേലിയന്‍ ഗ്രാന്‍ഡ് മുഫ്തി ഇബ്രാഹിം അബു മുഹമ്മദ് അടക്കമുള്ള നേതാക്കള്‍ നിരസിക്കുകയായിരുന്നു.

ഏതെങ്കിലും വ്യക്തി ചെയ്യുന്ന തെറ്റിന് മുസ്‌ലിം സമൂഹത്തെ മൊത്തത്തില്‍ കുറ്റക്കാരായി ചിത്രീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് നേതാക്കളുടെ നിലപാട്.

രാജ്യത്ത് നടക്കുന്ന വിവിധ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി മന്ത്രിമാരില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നുമെല്ലാം ഉണ്ടാകുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ല. പ്രസ്താവനകള്‍ രാജ്യത്തെ വലിയൊരു വിഭാഗത്തെ അവഹേളിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ചത്.

Tags:    

Similar News