ആൻഡമാനിൽ കൊല്ലപ്പെട്ട ജോണ്‍ ചൗവിന്റെ കത്ത് പുറത്ത് വന്നു

ഇന്ത്യയുടെ ഭാഗമായ ബംഗാൾ ഉൾക്കടലിലുള്ള ആൻഡമാൻ ദ്വീപിലെ ആദിമ ജനവിഭാഗങ്ങൾക്കിടയിലേക്ക് മതപ്രബോധന ആവശ്യാർത്ഥം ഇറങ്ങി തിരിച്ചതായിരുന്നു ജോൺ ചൗ.

Update: 2018-11-22 16:49 GMT
Advertising

ആൻഡമാനിൽ കൊല്ലപ്പെട്ട അമേരിക്കൻ പൗരൻ മാതാപിതാക്കൾക്ക്
അയച്ച കത്ത് പുറത്ത് വന്നു. ആൻഡമാനിൽ ആദിമ നിവാസികളുടെ അമ്പേറ്റ് കൊല്ലപ്പെട്ട ജോൺ അല്ലൻ ചൗ എന്ന ഇരുപത്താറുകാരൻ കൊല്ലപ്പെടുന്നതിന് മുമ്പ് എഴുതിയ കത്താണ് പുറത്തു വന്നിരിക്കുന്നത്. താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്നോടോ ദൈവത്തിനോടോ ദേഷ്യപ്പെടരുതെന്നാണ് ജോണ്‍ ചൗ കത്തിൽ കുറിച്ചിരിക്കുന്നത്.

തനിക്ക് ഭ്രാന്താണെന്ന് എല്ലാവരും ചിന്തിച്ചേക്കാം. എന്നാൽ ജീസസിനെ കുറിച്ച് ഇവിടുള്ള ആദിമ നിവാസികളോട് പറയേണ്ടത് തന്റെ പ്രധാന കടമയാണെന്നാണ് താൻ വിശ്വസിക്കുന്നത്. അതിനാൽ താൻ കൊല്ലപ്പെടുകയാണെങ്കിൽ എന്നോടോ ദൈവത്തിനോടോ ദേഷ്യപ്പെടരുതെന്നാണ് ജോണ്‍ ചൗ കത്തിൽ എഴുതിയിരിക്കുന്നത്.

മത്സ്യത്തൊഴിലാളികൾക്ക് പണം നൽകി അവരുടെ സഹായത്തോടെയാണ് ചൗ തന്റെ ചെറു തോണിയുമായി ദ്വീപിലെത്തുന്നത്. തോണി തുഴഞ്ഞ് ദ്വീപിലെത്തിയതോടെ ചൗവിന് നേരെ ദ്വീപിലെ ഗോത്ര വർഗക്കാർ അമ്പെയ്തെങ്കിലും ദേഹത്ത്
കൊള്ളാതെ രക്ഷപ്പെടുകയായിരുന്നു. അൽപമകലെയായി മത്സ്യ തൊഴലാളികളുടെ ബോട്ടിലേക്ക് സുരക്ഷിതനായി തിരികെ എത്തിയ ഇയാൾ ഇവിടെ വെച്ചാണ് രക്ഷിതാക്കൾക്ക് കത്തെഴുതിയത്. കത്ത്
മത്സ്യത്തൊഴിലാളികളെ ഏൽപിച്ച് അന്നു രാത്രി ബോട്ടിൽ കഴിച്ചു കൂട്ടുകയായിരുന്നു ചൗ. തൊട്ടടുത്ത ദിവസം വീണ്ടും ദ്വീപിലേക്കു തിരിച്ചെങ്കിലും കടൽതീരത്തു കൂടി ദ്വീപിലെ ആദിവാസികൾ യുവാവിന്റെ മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോകുന്നതാണ് പിന്നീട് തങ്ങൾ കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

അതേസമയം, ജോൺ അല്ലൻ ചൗവിന്റെ മരണത്തിനു കാരണക്കാരായവരോട് തങ്ങൾ ക്ഷമിച്ചതായി ചൗവിന്റെ കുടുംബം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. മരണത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഏഴു മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സാഹസികനും കൃസ്ത്യൻ മിഷനറി പ്രവർത്തകനുമായിരുന്നു ജോൺ അല്ലൻ ചൗ. ഇന്ത്യയുടെ ഭാഗമായ ബംഗാൾ ഉൾക്കടലിലുള്ള ആൻഡമാൻ ദ്വീപിലെ ആദിമ ജനവിഭാഗങ്ങൾക്കിടയിലേക്ക് മതപ്രബോധന ആവശ്യാർത്ഥം ഇറങ്ങി തിരിച്ചതായിരുന്നു ജോൺ ചൗ. എന്നാല്‍ നൂറ്റാണ്ടുകളായി പുറം ലോകവുമായി ബന്ധമില്ലാതെ തനത് ജീവിത രീതകളുമായി കഴിയുന്ന ആന്‍ഡമാനിലെ ആദിമ നിവാസികള്‍, പുറമെ നിന്ന് അവരുടെ ഇടങ്ങളിലേക്ക് കടന്ന് കയറുന്നവരേ തുരത്തിയോടിക്കുകയാണ് ചെയ്യാറ്.

Tags:    

Similar News