ചരിത്രത്തിലെ ഭീകരമായ ഭൂകമ്പത്തിന്റെ ഓര്‍മ്മയില്‍ ഇറ്റലി  

Update: 2018-11-23 05:05 GMT
Advertising

ഇറ്റലിയുടെ ചരിത്രത്തിലെ തന്നെ വലിയ ദുരന്തം എന്ന് വിശേഷിപ്പിക്കുന്നതാണ് 1980 ലെ ഭൂകമ്പം. നവംബര്‍ 23 ന് നാലായിരത്തി അഞ്ഞൂറോളം ജീവനാണ് ആ മഹാദുരന്തമെടുത്തത്. മൂന്ന് തവണയാണ് ഭൂമി പ്രകമ്പനം കൊണ്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 7.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. അന്ന് തകര്‍ത്തെറിഞ്ഞത് ആയിരങ്ങളുടെ ജീവനും പ്രതീക്ഷയുമാണ്. നിമിഷങ്ങള്‍ക്കകം എല്ലാം തലകീഴായി. റോഡും കെട്ടിടങ്ങളും പാലങ്ങളുമെല്ലാം തകര്‍ക്കപ്പെട്ടു. രാത്രി 7.30 നായിരുന്നു ആ ദുരന്തം. തീവ്രത കൂടുതല്‍ അവലിനോയിലായിരുന്നു. ലമ്പര്‍ഡിയില്‍ ഒരു അനാഥശാലയിലെ 27 കുട്ടികളുള്‍പ്പെടെ 300 പേരാണ് മരിച്ചത്.

നഗരത്തിന്റെ ഭൂരിഭാഗവും തകര്‍ക്കപ്പെട്ടു. ബാല്‍വാനോയില്‍ ദുരന്തമെടുത്തത് 100 പേരുടെ ജീവനാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു പള്ളി തകര്‍ന്നുവീഴുകയും ചെയ്തു. ലിയോണി, കോന്‍സാ, തിയോറ നഗരങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. നാപ്പ്ള്‍സ് നഗരത്തിലെ ചരിത്ര സ്മാരകങ്ങളുള്‍പ്പെടെ പല കെട്ടിടങ്ങളും നിലംപരിശായി.

എണ്ണായിരത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടര ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. ഇരുപത്തിയാറായിരം ചതുരശ്ര കിലോമീറ്ററിലാണ് നാശനഷ്ടമുണ്ടായത്. 12 ലക്ഷം കോടി ഡോളറാണ് അന്ന് പുനരുദ്ധാരണത്തിനായി രാജ്യം ചിലവിട്ടത്. ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ വലിയ തോതില്‍ ഇറ്റലിയെ സഹായിക്കാനെത്തി. എന്നാല്‍, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച പണം രാജ്യത്ത് വലിയ അഴിമതിയിലേക്കും നീണ്ടു. പിന്നീടും രാജ്യം നിരവധി പ്രകൃതി ദുരന്തങ്ങള്‍ക്ക് സാക്ഷിയായി. പക്ഷെ, രാജ്യം അതിനെയെല്ലാം ഒടുവില്‍ തരണം ചെയ്തു. 38 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ദുരന്തത്തിന്റെ ഓര്‍മകളുമായി ജീവിക്കുന്ന നിരവധി പേരുണ്ട് രാജ്യത്ത്.

Tags:    

Similar News