കുടിയേറ്റക്കാരെ നേരിടാനൊരുങ്ങി അമേരിക്ക

കുടിയേറ്റക്കാര്‍ക്ക് ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പോലും പ്രവേശനം വിലക്കുന്ന ഉത്തരവും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുറത്തിറക്കിയിരുന്നു  

Update: 2018-11-23 04:59 GMT
Advertising

മെക്സിക്കന്‍ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്ന മധ്യ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരെ നേരിടാനൊരുങ്ങി അമേരിക്ക. അതിര്‍ത്തിയില്‍ അക്രമം ഉണ്ടായാല്‍ ആയുധമെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കുന്ന ഉത്തരവില്‍ യുഎസ് ക്യാമ്പിനറ്റ് ഒപ്പിട്ടു. എന്നാല്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈന്യം പൂര്‍ണമായും നിരായുധരാണെന്ന് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു.

മധ്യ അമേരിക്കയില്‍ നിന്നും യു.എസ് ലക്ഷ്യംവെച്ച് കുടിയേറ്റ കാരവാന്‍ യാത്ര ആരംഭിച്ച ഘട്ടത്തില്‍ തന്നെ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു അമേരിക്ക. കുടിയേറ്റക്കാര്‍ക്ക് ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പോലും പ്രവേശനം വിലക്കുന്ന ഉത്തരവും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുറത്തിറക്കിയിരുന്നു. അതിന് കാരണമായി ട്രംപ് പറഞ്ഞത് കാരവാനില്‍ എത്തുന്നവര്‍ ക്രിമിനലുകളും തീവ്രവാദികളുമാണെന്നാണ്. ഇവര്‍ അതിര്‍ത്തിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ആവശ്യമായ സൈനിക ഇടപെടല്‍ നടത്താന്‍ അനുവാദം നല്‍കുന്ന ഉത്തരവിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇതില്‍ അക്രമികളെ വിരട്ടിയോടിക്കാന്‍ ആയുധങ്ങള്‍ പ്രയോഗിക്കാനും ആവശ്യമെങ്കില്‍ താത്കാലിക തടങ്കലില്‍ വെക്കാനുമുള്ള അനുമതിയും ഉള്‍പ്പെടുമെന്ന് വൈറ്റ്
ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോണ്‍ കെല്ലി വ്യക്തമാക്കി.

നിലവില്‍ യു.എസ് മെക്സികോ അതിര്‍ത്തിയില്‍ 5900 സൈനികരും 2100 ദേശീയ സുരക്ഷാ സേനയുമാണ് ഉള്ളത്. ഇവര്‍ക്ക് ആയുധങ്ങള്‍ എടുക്കാനുള്ള അനുമതി ഇല്ലെന്നാണ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ വാദം. മെക്സിക്കന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത് അതിര്‍ത്തി രക്ഷാ സേനയെ സഹായിക്കാനാണെന്നും അവരുടെ കയ്യില്‍ തോക്കുകളില്ലെന്നും മാറ്റിസ് വ്യക്തമാക്കി. മെക്സിക്കന്‍ അതിര്‍ത്തി ഗ്രാമമായ ടിയുവാനയില്‍ 3000 മധ്യ അമേരിക്കന്‍ കുടിയേറ്റക്കാരാണ് എത്തിയിട്ടുള്ളത്. ഹോണ്ടുറാസ്, ഗ്വാട്ടിമാല, എല്‍-സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്നും പട്ടിണിയും അക്രമവും കാരണം എത്തിയതാണ് ഇവര്‍. ഇവരില്‍ ഓരോരുത്തരും അമേരിക്കയിലെത്തി നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനാകുമെന്ന പ്രതീക്ഷ ഇതുവരെ കൈവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം എത്തിയ 600 മധ്യ അമേരിക്കന്‍ കുടിയേറ്റക്കാരെ സുരക്ഷാ സേന തടഞ്ഞിരുന്നു.

Full View
Tags:    

Similar News