സെന്റിനല്‍ ദ്വീപിനടുത്ത് 1981ല്‍ കുടുങ്ങിയ കപ്പല്‍ ഇന്നും കാണാം, ഗൂഗിള്‍ മാപ്പില്‍
ആവശ്യത്തിന് ഭക്ഷണവും കപ്പല്‍ മുങ്ങാനുള്ളസാധ്യതയുമില്ലാതിരുന്നതിനാല്‍ ജീവന് ആപത്തുണ്ടെന്ന് അവര്‍ കരുതിയിരുന്നില്ല. സഹായം ലഭിക്കുന്നതുവരെ കപ്പലില്‍ തങ്ങാനായിരുന്നു കപ്പിത്താന്റെ തീരുമാനം
ഞങ്ങള്‍ക്കടുത്തേക്ക് ആരും വരേണ്ടതില്ലെന്നാണ് ആന്‍ഡമാനിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലെ ഗോത്ര വര്‍ഗക്കാരുടെ തലമുറകളായുള്ള നിലപാട്. അറിഞ്ഞും അറിയാതെയും സെന്റിനല്‍ ദ്വീപിനടുത്തെത്തിയവരെ വരവേറ്റത് ഇവരുടെ അമ്പുകളും കുന്തങ്ങളുമായിരുന്നു. ഈ ഗോത്രവര്‍ഗ്ഗക്കാരുമായി ഇടപഴകാനുള്ള ശ്രമങ്ങളെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് യു.എസ് പൗരന്‍ അലന്‍ ചൗ കൊല്ലപ്പെട്ടത്. 1981ല്‍ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട ഒരു ചരക്കുകപ്പല്‍ സെന്റിനല്‍ ദ്വീപിനടുത്ത് അകപ്പെട്ടിരുന്നു.
1981 ആഗസ്ത് രണ്ടിന് ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ പെട്ടാണ് ഹോങ്കോങില്‍ നിന്നുള്ള ചരക്കു കപ്പലായ എം.വി പ്രിമോസ് സെന്റിനല്‍ ദ്വീപിനടുത്തേക്ക് നിയന്ത്രണം വിട്ടെത്തുന്നത്. ദ്വീപിനോട് ചേര്‍ന്നുള്ള പവിഴപ്പുറ്റിലും മണിലിലുമായി നങ്കൂരമുടക്കിയതോടെ കടല്‍യാത്ര അസാധ്യമായി. വിവരം പുറം ലോകത്തെ അപ്പോള്‍ തന്നെ അറിയിച്ചെങ്കിലും കപ്പലിന്റെ ക്യാപ്റ്റനും മറ്റു തൊഴിലാളികള്‍ക്കും സെന്റിനല്‍ ദ്വീപിലാണ് എത്തിപ്പെട്ടതെന്ന അറിവില്ലായിരുന്നു.
മനുഷ്യവാസമില്ലാത്ത ഏതോ ദ്വീപിനടുത്ത് കുടുങ്ങിയെന്നാണ് അവര്‍ കരുതിയിരുന്നത്. ആവശ്യത്തിന് ഭക്ഷണവും കപ്പല്‍ മുങ്ങാനുള്ളസാധ്യതയുമില്ലാതിരുന്നതിനാല്‍ ജീവന് ആപത്തുണ്ടെന്ന് അവര്‍ കരുതിയിരുന്നില്ല. സഹായം ലഭിക്കുന്നതുവരെ കപ്പലില്‍ തങ്ങാനായിരുന്നു കപ്പിത്താന്റേയും സംഘത്തിന്റേയും തീരുമാനം. മനുഷ്യവാസത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ദ്വീപിലേക്ക് ഇറങ്ങിപോകാന്‍ ജീവനക്കാര്‍ക്ക് കപ്പിത്താന്‍ അനുമതി നല്‍കിയില്ല. ഒരുപക്ഷേ ഇതായിരിക്കും അവരുടെ ജീവന്‍ രക്ഷിച്ചത്.
ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം പതിവുപോലെ കപ്പലില്‍ നിന്നു നോക്കിയപ്പോഴാണ് ജീവനക്കാര്‍ തീരത്ത് കുറച്ച് മനുഷ്യരൂപങ്ങള്‍ നില്‍ക്കുന്നത് കണ്ടത്. നഗ്നരായി വനത്തില്‍ നിന്നും കടല്‍തീരത്തേക്ക് ഇറങ്ങിവന്ന അവര്‍ കപ്പലിനെ നിരീക്ഷിക്കുകയായിരുന്നു. സെന്റിനിയല്‍സ് ഗോത്രവര്‍ഗ്ഗക്കാരുടെ പത്തിലേറെ പേരടങ്ങിയ സംഘമായിരുന്നു അത്. അവരുടെ കൈകളിലെല്ലാം അമ്പുകളും വില്ലുകളും കുന്തങ്ങളും പോലുള്ള പ്രാകൃത ആയുധങ്ങളുമുണ്ടായിരുന്നു. ആക്രമിച്ചേക്കുമെന്ന ഭീതി വന്നെങ്കിലും ഗോത്രവര്‍ഗ്ഗക്കാര്‍ക്കും കപ്പലിനുമിടയിലെ കടലായിരുന്നു ആശ്വാസം.
ഉള്‍ വനത്തില്‍ നിന്നും തടികള്‍ കൊണ്ടുവന്ന് ചെറു ചങ്ങാടങ്ങള്‍ നിര്‍മ്മിക്കാനാണ് ഇവരുടെ പദ്ധതിയെന്ന് കണ്ടതോടെ ക്യാപ്റ്റനും സംഘവും ഭീതിയിലായി. അല്‍പം പോലും സമയം നഷ്ടപ്പെടുത്താതെ ക്യാപ്റ്റന്‍ അടിയന്തര സന്ദേശം അയച്ചു. എത്രയും വേഗം രക്ഷിക്കണമെന്ന സന്ദേശത്തിന് വൈകാതെ പ്രതികരണമുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററിലെത്തിയാണ് കപ്പലിലുണ്ടായിരുന്നവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. ആ ചരക്കുകപ്പല്‍ ഇന്നും നോര്‍ത്ത് സെന്റിനല്‍ ദ്വീപിനോട് ചേര്‍ന്ന് കടലില്‍ കിടപ്പുണ്ട്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഗൂഗിള്‍ മാപ്പില്‍ ആ കപ്പല്‍ കാണാം.