ബ്രിട്ടന്റെ വിടുതല്‍ കരാറിന് യൂറോപ്യന്‍ യൂനിയന്റെ അംഗീകാരം
ബ്രെക്സിറ്റാനന്തര കരട് രാഷ്ട്രീയ ഉടമ്പടിക്ക് ഇനി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം തേടണം.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് തെരേസ മേ സര്‍ക്കാര്‍ തയ്യാറാക്കിയ കരാറിന് യൂറോപ്യന്‍ യൂനിയന്റെ അംഗീകാരം. ബ്രെക്സിറ്റ് സംബന്ധിച്ച വിടുതല്‍ കരാര്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂനിയന്‍ അംഗീകരിച്ചു. ബ്രെക്സിറ്റാനന്തര കരട് രാഷ്ട്രീയ ഉടമ്പടിക്ക് ഇനി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം തേടണം.
യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ ഒപ്പുവെച്ച വിടുതൽ കരാർ, ബ്രെക്സിറ്റാനന്തര കരട് രാഷ്ട്രീയ ഉടമ്പടി എന്നിവയിലാണ് ബ്രസല്‍സിലെ യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ പങ്കെടുത്ത 27 രാജ്യങ്ങളും ബ്രെക്സിറ്റിനെ പിന്തുണച്ചു. സ്പെയിനിനോട് ചേര്‍ന്ന് കിടക്കുന്ന ബ്രിട്ടീഷ് സ്വയം ഭരണ പ്രദേശമായ ജിബ്രാൾട്ടർ സംബന്ധിച്ച് സ്പെയിൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടി നൽകുന്ന ബ്രിട്ടന്റെ കത്ത് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന് കൈമാറിയിരുന്നു. ജിബ്രാൾട്ടറും സ്പെയിനുമായുള്ള വ്യാപാര ഉടമ്പടിയുമായി ബ്രെക്സിറ്റ് നടപടികളെ ബന്ധിപ്പിക്കില്ലെന്ന് ബ്രിട്ടന്‍ ഉറപ്പുനല്‍കിയതോടെ സ്പെയിനും വിടുതല്‍ കരാറിന് അനുകൂല നിലപാട് സ്വീകരിച്ചു.
ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളില്‍ ചിലരും പ്രതിപക്ഷവും തെരേസ മേ തയ്യാറാക്കിയ ബ്രെക്സിറ്റ് കരാറിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം തേടുകയാണ് തെരേസ മേയുടെ അടുത്ത വെല്ലുവിളി. അടുത്ത മാസമാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുക.