സെന്റിനല്‍ ദ്വീപുവാസികളുടെ ‘മനുഷ്യ’ വിരോധത്തിന് പിന്നില്‍?
മുന്‍കാല അനുഭവങ്ങള്‍ തന്നെയാണ് സെന്റിനലീസുകളെ പുറത്തുനിന്നുള്ള മനുഷ്യരെ ശത്രുക്കളായി കാണാന്‍ പ്രേരിപ്പിക്കുന്നത്.
ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളുടെ ഭാഗമായ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലെ ഗോത്രവിഭാഗക്കാരുടെ 'മനുഷ്യ' വിരോധം കുപ്രസിദ്ധമാണ്. ദ്വീപിലെത്താന്‍ ശ്രമിക്കുന്നവരെയെല്ലാം അമ്പുകളും കുന്തങ്ങളുമായാണ് അവര്‍ എതിരേല്‍ക്കാറ്. തങ്ങളൊഴികെ മറ്റെല്ലാ മനുഷ്യരേയും ഇവര്‍ അവിശ്വസിക്കുന്നതിന് പിന്നിലെന്താണ്? മുന്‍കാല അനുഭവങ്ങള്‍ തന്നെയാണ് സെന്റിനലീസുകളെ പുറത്തുനിന്നുള്ള മനുഷ്യരെ ശത്രുക്കളായി കാണാന്‍ പ്രേരിപ്പിക്കുന്നത്.
അമ്പതിനായിരത്തോളം വര്‍ഷം മുമ്പുതന്നെ സെന്റിനല്‍ ദ്വീപില്‍ മനുഷ്യര്‍ വാസം തുടങ്ങിയെന്നാണ് കരുതപ്പെടുന്നത്. നീഗ്രോ വിഭാഗക്കാരാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപിലെ ജനങ്ങള്‍. ഇന്ത്യയെ കോളനിയാക്കിയ ബ്രിട്ടീഷുകാരാണ് സെന്റിനല്‍ ദ്വീപ് അടക്കമുള്ള ആന്‍ഡമാന്‍ ദ്വീപുകളെക്കുറിച്ച് ആധുനിക ലോകത്തെ കൂടുതലായി അറിയിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു അത്.
ബ്രിട്ടീഷുകാര്‍ എത്തുമ്പോള്‍ എണ്ണായിരത്തോളം ഗോത്രവര്‍ഗ്ഗക്കാര്‍ നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ മാത്രമായി ഉണ്ടായിരുന്നെന്നാണ് കരുതപ്പെടുന്നത്. ദീര്‍ഘമായുള്ള ഏകാന്ത വാസവും അസുഖങ്ങളും മൂലം ഇവരുടെ ജനസംഖ്യ വളരെയധികം കുറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലെ സെന്‍സസ് പ്രകാരം നൂറില്‍ താഴെ പേരാണ് സെന്റിനല്‍ ദ്വീപിലുള്ളതെന്നാണ് കരുതുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളും നിരീക്ഷണ ബോട്ടുകളില്‍ നിന്നും മറ്റും എടുത്ത ചിത്രങ്ങളും മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കെടുപ്പ്. അതുകൊണ്ടുതന്നെ ഇത് പൂര്‍ണ്ണമായും ശരിയാകാനിടയില്ല.
ഇന്ത്യന്‍ നരവംശശാസ്ത്രജ്ഞനായ ടി.എന്‍ പണ്ഡിറ്റ് 1967 മുതല്‍ 1991 വരെയുള്ള കാലയളവില്‍ ഈ ഗോത്രവര്‍ഗ്ഗത്തെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയിരുന്നു. അന്ന് പണ്ഡിറ്റ് ശേഖരിച്ച ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സെന്റിനലീസ് എന്ന് പുറം ലോകം വിളിക്കുന്ന ഇവരെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ വിവരങ്ങള്‍. സെന്റിനല്‍ ഗോത്രവിഭാഗക്കാരെ എങ്ങനെ സംരക്ഷിക്കാമെന്ന ചോദ്യത്തിന് 'അവരെ വെറുതെ വിട്ടാല്‍ മതി, അവര്‍ ഏകാന്തത ആഗ്രഹിക്കുന്നു'വെന്നാണ് ടി.എന്‍ പണ്ഡിറ്റ് തന്നെ പറഞ്ഞത്.
സെന്റിനല്‍ ദ്വീപില്‍ തെങ്ങ് വളരുകയില്ല. എന്നാല്‍ തേങ്ങയെ അവര്‍ വിശിഷ്ട വസ്തുവായാണ് കരുതുന്നത്. സമ്മാനമായി തേങ്ങ നല്‍കിയാണ് പണ്ഡിറ്റും സംഘവും ഈ ഗോത്രവിഭാഗക്കാരുമായി അടുത്തത്. അന്നത്തെ പര്യവേഷണ സംഘത്തിന്റെ കയ്യില്‍ നിന്നും തേങ്ങ നേരിട്ട് വാങ്ങാന്‍ വരെ ഇവര്‍ തയ്യാറായിരുന്നു. തേങ്ങയും ഇരുമ്പും നല്‍കി വിശ്വാസം നേടിയെടുത്താല്‍ കൊല്ലപ്പെട്ട യു.എസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനാകുമെന്നും 83 കാരനായ പണ്ഡിറ്റ് പറഞ്ഞിരുന്നു.
'നിങ്ങളില്‍ നിന്നും യാതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. നമ്മള്‍ അവരുടെ അടുത്തേക്കാണ് പോകുന്നത്. തങ്ങളുടെ ദ്വീപിലേക്ക് വരുന്നവരുടെ ലക്ഷ്യം നല്ലതല്ലെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ടാണ് ഗോത്രവിഭാഗക്കാര്‍ ആക്രമിക്കുന്നത്' എന്നായിരുന്നു ടി.എന്‍ പണ്ഡിറ്റ് തന്നെ പറഞ്ഞത്. മുന്‍കാല അനുഭവങ്ങള്‍ തന്നെയാണ് സെന്റിനലീസ് ഗോത്രത്തെ ഇത്തരമൊരു മുന്‍ധാരണയിലേക്ക് നയിക്കുന്നത്.
നോര്‍ത്ത് സെന്റിനല്‍ ദ്വീപിനെക്കുറിച്ച് അറിഞ്ഞ ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥന്റെ ചെയ്തികളാണ് തലമുറകള്‍ കഴിഞ്ഞിട്ടും സെന്റിനലീസിനെ 'മനുഷ്യ' വിരോധികളാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. മൗറീസ് വിദല്‍ പോര്‍ട്ട്മാന്‍ എന്ന ഉദ്യോഗസ്ഥനാണ് ആധുനിക മനുഷ്യരുമായി ഇടപഴകിക്കാനായി ശ്രമം നടത്തിയത്. അതിനായി ഗോത്ര വര്‍ഗക്കാരെ ബലമായി പുറത്തെത്തിക്കുകയായിരുന്നു അയാളുടെ പദ്ധതി. വിജയകരമായി ആ തട്ടിക്കൊണ്ടുപോവലുകള്‍ നടത്തിയെങ്കിലും പുറത്തെത്തിച്ച ഗോത്രവര്‍ഗ്ഗക്കാര്‍ വൈകാതെ രോഗം വന്നും മറ്റും മരണത്തിന് കീഴടങ്ങി.
നോര്‍ത്ത് സെന്റിനല്‍ ദ്വീപുവാസികളാകട്ടെ ഈ സംഭവത്തിന് ശേഷം പുറം ലോകത്തു നിന്നുള്ളവരെ ഭയത്തോടെ മാത്രമേ കണ്ടുള്ളൂ. തന്റെ പരീക്ഷണം വന്‍ പരാജയമായിരുന്നെന്ന് 1899ല്‍ എഴുതിയ പുസ്തകത്തില്‍ പോര്‍ട്ട്മാന്‍ തന്നെ കുറ്റബോധത്തോടെ സമ്മതിക്കുന്നുണ്ട്. അവര്‍ക്കിപ്പോഴും റോന്തു ചുറ്റുന്ന കപ്പലുകളും ബോട്ടുകളും അതിലെത്തുന്ന മനുഷ്യരും തങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ എത്തുന്നവരാണ്. തലമുറകള്‍ കൈമറിഞ്ഞു കിട്ടിയ ആ ഭയമാണ് ദ്വീപിന് പുറത്തുനിന്നുള്ളവരെ അമ്പെയ്തും കുന്തമെറിഞ്ഞും സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.