145 തിമിംഗലങ്ങള്‍ ചത്ത് കരക്കടിഞ്ഞു
മരണാസന്നരായ ചില തിമിംഗലങ്ങളെ തിരികെ വെള്ളത്തിലേക്ക് വിടാന്‍ കഴിയാതെ വന്നതോടെ ഇവയെ വെടിവെച്ച് കൊല്ലേണ്ടിവന്നു
ന്യൂസിലന്‍ഡില്‍ 145 തിമിംഗലങ്ങള്‍ ചത്ത് കരക്കടിഞ്ഞു. സ്റ്റുവര്‍ട്ട് ദ്വീപിന്റെ തീരത്താണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. മരണാസന്നരായ ചില തിമിംഗലങ്ങളെ തിരികെ വെള്ളത്തിലേക്ക് വിടാന്‍ കഴിയാതെ വന്നതോടെ ഇവയെ വെടിവെച്ച് കൊല്ലേണ്ടിവന്നുവെന്ന് ദ്വീപിലെ പരിസ്ഥിതി സംരക്ഷണ വിഭാഗം അറിയിച്ചു.
നിരനിരയായാണ് തിമിംഗലങ്ങള്‍ തീരത്തടിഞ്ഞത്. സ്റ്റുവര്‍ട്ട് ദ്വീപ് ഒറ്റപ്പെട്ട പ്രദേശമായതിനാലാണ് തിമിംഗലങ്ങളെ തിരികെ വിടാന്‍ കഴിയാതെപോയത്. ഹൃദയഭേദകമായിരുന്നു ആ കാഴ്ചയെന്ന് ദ്വീപിലെ പരിസ്ഥിതി സംരക്ഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജീവനുണ്ടായിരുന്ന എട്ട് തിമിംഗലങ്ങളെ 20 കിലോമീറ്റര്‍ അകലെ സുരക്ഷിതമായി മാറ്റി. വേലിയേറ്റമുണ്ടാകുമ്പോള്‍ ഇവയെ കടലിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം. ഓരോ വര്‍ഷവും ശരാശരി 85 തിമിംഗലങ്ങളെ ചത്ത് കരക്കടിഞ്ഞ നിലയില്‍ കണ്ടെത്താറുണ്ട്. എന്നാല്‍ കൂട്ടമായി ഇത്രയും തിമിംഗലങ്ങളെ ചത്ത നിലയില്‍ കണ്ടെത്തുന്നത് ആദ്യമായാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സഞ്ചരിക്കുന്നതിനിടെ ദിശ തെറ്റിപ്പോകല്‍, രോഗബാധ, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍, അപ്രതീക്ഷിത വേലിയിറക്കങ്ങള്‍, മോശം കാലാവസ്ഥ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് തിമിംഗലങ്ങള്‍ കരയ്ക്ക് അടിയാറുണ്ട്. എന്താണ് ഇവിടെ സംഭവിച്ചതെന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങി.