വിക്രമസിംഗയെ അധികാരത്തിലേക്കടുപ്പിക്കില്ലെന്ന് സിരിസേന
തന്റെ ജീവിത കാലത്ത് വിക്രമസിംഗെ പ്രധാനമന്ത്രിയാകില്ല എന്ന് പറഞ്ഞ പ്രസിഡന്റ് അനുരഞ്ജനത്തിനില്ല എന്ന വ്യക്തമായ സൂചനയാണ് നല്‍കിയത്...
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ അധികാരത്തിലേക്കടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് മൈത്രിപല സിരിസേന രംഗത്തുവന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിച്ചെങ്കിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സിരിസേന.
ഞായറാഴ്ച കൊളംബോയില്‍ വിദേശ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സിരിസേന വിക്രമസിംഗെക്കെതിരെ ആഞ്ഞടിച്ചത്. തന്റെ ജീവിത കാലത്ത് വിക്രമസിംഗെ പ്രധാനമന്ത്രിയാകില്ല എന്ന് പറഞ്ഞ പ്രസിഡന്റ് അനുരഞ്ജനത്തിനില്ല എന്ന വ്യക്തമായ സൂചനയാണ് നല്‍കിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ആളാണ് റനില്‍ വിക്രമസിംഗെ എന്നും പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിച്ചാലും അദ്ദേഹത്തെ അധികാരത്തിലേക്കടുപ്പിക്കില്ലെന്നും സിരിസേന കൂട്ടിച്ചേര്‍ത്തു.
വിക്രമസിംെഗയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചതായും സിരിസേന കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം 26നാണ് വിക്രമസിംെഗയെ പുറത്താക്കി സിരിസേന മഹിന്ദ രാജപക്‌സയെ പ്രധാനമന്ത്രിയായി നിയമിച്ചത്. എന്നാല്‍, പാര്‍ലമെന്റ് വിളിച്ചുചേര്‍ത്തപ്പോള്‍ രാജപക്‌സക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല. ഇതോടെ, രാജ്യത്ത് ഫലത്തില്‍ പ്രധാനമന്ത്രിയില്ലാത്ത സാഹചര്യമാണുള്ളത്.
പാര്‍ലമെന്റില്‍ നടന്ന ശബ്ദവോട്ടെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് രാജപക്‌സെ വിഭാഗം. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റ് നടത്തിപ്പിന് സെലക്ട് കമ്മിറ്റിയെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മോശം ഭരണവും അഴിമതിയും ആരോപിച്ചാണ് പ്രസിഡന്റ് വിക്രമസിംഗയെ പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്താക്കിയത്.